തൃശൂർ: ശിവരാത്രി ദിനത്തോടനുബന്ധിച്ച് വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശിവരാത്രിയുടെ ഭാഗമായി നടക്കുന്ന മഹാപരിക്രമ ഉദ്ഘാടനം ചെയ്ത ശേഷമാണ് കേന്ദ്രമന്ത്രി ക്ഷേത്രത്തിലെത്തിയത്. പുലർച്ചെ മൂന്ന് മണി മുതൽ വൻ ഭക്തജനതിരക്കാണ് വടക്കുംനാഥ ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്.
കേന്ദ്രമന്ത്രിയോടൊപ്പം ഇന്ത്യൻ ഫുട്ബോൾ ടീം മുൻ കാപ്റ്റൻ ഐ എം വിജയനുമുണ്ടായിരുന്നു. അര മണിക്കൂറോളം ക്ഷേത്രത്തിൽ സമയം ചെലവഴിച്ച കേന്ദ്രമന്ത്രി ശിവരാത്രിയോടനുബന്ധിച്ച് നടത്തിയ പ്രത്യേക പൂജയിലും പങ്കെടുത്തു.
ശിവരാത്രി ദിനത്തിൽ വലിയ പരിപാടികളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. പുണ്യദിനത്തിൽ മഹാദേവന്റെ അനുഗ്രഹം തേടി നൂറ് കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്.
ശിവരാത്രി നാളിൽ പഞ്ചാക്ഷരി ജപിച്ച് വടക്കുംനാഥനെ പ്രദക്ഷിണം ചെയ്യുന്നതാണ് മഹാപരിക്രമ . കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് ഇത് നടത്തുന്നത്. ആയിരങ്ങൾ ഓം നമഃശിവായ ജപിച്ചു കൊണ്ട് ശ്രീമൂലസ്ഥാനത്ത് നിന്ന് പ്രദക്ഷിണം തുടങ്ങി സ്വരാജ് റൗണ്ട് ചുറ്റി തിരികെയെത്തും.















