തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊലയ്‌ക്ക് ഇരയായ അഫ്സാൻ എന്ന 14 വയസുകാരന്റെ അവസാനദൃശ്യങ്ങൾ പുറത്ത്. അഫ്സാൻ കുഴിമന്തി വാങ്ങാനെത്തിയ ഹോട്ടലിലെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. റിസപ്ഷനിൽ നിൽക്കുന്ന ഹോട്ടൽ ജീവനക്കാരോട് കുഴിമന്തി ഓർഡർ ചെയ്യുന്നതും അഞ്ച് മിനിറ്റോളം കാത്തിരിക്കുന്നതെന്നും ദൃശ്യത്തിൽ കാണാം.
ഓട്ടോയിൽ നിന്ന് ഇറങ്ങി, ഓട്ടോഡ്രൈവറോട് കുറച്ച് നേരം സംസാരിച്ചതിന് ശേഷമാണ് അഫ്സാൻ ഹോട്ടലിലേക്ക് കയറിയത്. ഹോട്ടലിന്റെ കൗണ്ടറിൽ നിന്ന് ജീവനക്കാരോട് സംസാരിക്കുകയും കുഴിമന്തി ഓർഡർ ചെയ്ത ശേഷം കുറച്ച് സമയം അവിടെ നിൽക്കുകയും ചെയ്തു.
കേസിലെ പ്രതി അഫാനാണ് തന്നെ വിളിച്ചതെന്ന് ഓട്ടോഡ്രൈവർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അനുജനെ ഹോട്ടലിൽ എത്തിക്കണമെന്ന് അഫാൻ ഓട്ടോഡ്രൈവറോട് ആവശ്യപ്പെട്ടു. ഇത് പ്രകാരമാണ് ഇയാൾ അഫ്സാനെ ഹോട്ടലിൽ എത്തിച്ചത്. താൻ ബൈക്കിൽ എത്തിയേക്കാമെന്ന് അഫാൻ അനുജനെ അറിയിച്ചിരുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അഫ്സാൻ ഉമ്മയെ കാണുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞെന്ന് അയൽവാസി പറഞ്ഞു. തുടർന്ന് അയൽവാസി ഉമ്മയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. എന്നാൽ അഫാനാണ് ഫോണെടുത്തത്. പിന്നീട് അഫാൻ വീട്ടിലേക്ക് എത്തി അനുജനുമായി വീടിനകത്തേക്ക് കയറിപോയെന്ന് അയൽവാസി പറഞ്ഞു.















