തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പയെടുത്ത് ‘മുങ്ങിയവർക്ക്’ ഇഡി നോട്ടീസ് അയച്ചതിന് പിന്നാലെ തിരിച്ചടവായി എത്തിയത് കോടികൾ. വർഷങ്ങൾ കഴിഞ്ഞിട്ടും വായ്പ തിരിച്ചടക്കാത്തവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പണം തിരിച്ചടക്കാൻ തുടങ്ങിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് കോടി രൂപയാണ് ഇത്തരത്തിൽ ബാങ്കിൽ എത്തിയത്.
കരുവന്നൂർ തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം അവസാന ഘട്ടത്തിലാണ്. കേസിൽ രണ്ടാം കുറ്റപത്രം ഉടൻ സമർപ്പിക്കും. ഇതിന്റെ ഭാഗമായാണ് വായ്പയെടുത്ത് മുങ്ങിയവർക്ക് ഇഡി സമൻസ് അയക്കാൻ തുടങ്ങിയത്. നിരവധി തവണ സമൻസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്തവരെ തേടി ഇഡി നേരിട്ട് എത്തിയിരുന്നു. പിന്നാലെ വായ്പ തിരിച്ചടച്ചാൽ നിയമനടപടിയിൽ നിന്ന് രക്ഷപ്പെടാമെന്ന് കരുതിയാണ് മിക്കവരും വായ്പകൾ തിരിച്ചടയ്‌ക്കാൻ തുടങ്ങിയത്.
അതേസമയം കാരക്കോണം മെഡിക്കൽ കോളജ് തലവരിപ്പണവുമായി ബന്ധപ്പെട്ട കേസിൽ ബാക്കിയുള്ള രണ്ട് രക്ഷിതാക്കൾക്ക് കൂടി ഉടൻ പണം കൈമാറാനുള്ള ശ്രമത്തിലാണ് ഇഡി. കഴിഞ്ഞ ദിവസം ആറ് രക്ഷിതാക്കൾക്കായി 89.75 ലക്ഷം രൂപ ഇഡി കൈമാറിയിരുന്നു. കോടതി വഴി എത്തിയവർക്കാണ് പണം തിരികെ ലഭിച്ചത്. എന്നാൽ ബാക്കിയുള്ള രണ്ടു പേരെ കൂടി നേരിൽ കണ്ട് നടപടികൾ വേഗത്തിലാക്കാനാണ് ഇഡിയുടെ തീരുമാനം.















