രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ഇന്നിംഗ്സിൽ തുടക്കത്തിലെ തകർച്ചയ്‌ക്ക് ശേഷം വിദർഭ തിരിച്ചുവരുന്നു. ആദ്യ സെക്ഷനിൽ 23 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് വീഴ്‌ത്തി കേരളം വിദർഭയെ വിറപ്പിച്ചെങ്കിലും പിന്നീട് ആതിഥേയരുടെ തിരിച്ചുവരവാണ് കണ്ടത്. നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെന്ന നിലയിലാണ് വിദർഭ.
നാലാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച മലയാളി താരം കരുൺ നായരും അർദ്ധ സെഞ്ച്വറി പിന്നിട്ട ഡാനിഷ് മലേവാറും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടും ഉയർത്തി. 92 പന്തിൽ 39 റൺസെടുത്ത കരുൺ നായർ 87 റൺസുമായി നിൽക്കുന്ന ഡാനിഷിന് ഉറച്ച പിന്തുണയാണ് നൽകുന്നത്. കേരളത്തിനായി എം.ഡി നിധീഷ് രണ്ടുവിക്കറ്റ് വീഴ്‌ത്തിയപ്പോൾ. ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റെടുത്തു.
ഇരു ബാറ്റർമാരും കേരളത്തിന്റെ സ്പിന്നർമാരെ കരുതലോടെ നേരിടുന്നതാണ് ഇതുവരെ കണ്ടത്. ഇന്ന് ഭേദപ്പെട്ടൊരു സ്കോറാകും വിദർഭ ലക്ഷ്യം വയ്‌ക്കുന്നത്. നാഗ്‌പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ടോസ് നേടിയ കേരളം വിദർഭയെ ബാറ്റിംഗിനയക്കുകയായിരുന്നു.