​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾ, വിരമിക്കാനൊരുങ്ങി പാക് സൂപ്പർ താരം; പ്രഖ്യാപനം ഉടനെയെന്ന് റിപ്പോർട്ട്

Published by
Janam Web Desk

പാകിസ്താൻ ക്രിക്കറ്റ് ടീം താരം ഫഖർ സമാൻ വിരമിക്കാൻ ഒരുങ്ങുന്നതായി പാക് മാദ്ധ്യമം സമാ ടിവി. ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പരിക്കേറ്റ് പുറത്തായ താരം ഏകദിന ക്രിക്കറ്റ് മതിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ആരോ​ഗ്യ കാരണങ്ങളും വിരമിക്കലിന് പിന്നിലുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ഹൈപ്പർ തൈറോയ്ഡിസം ഫഖർ സമാനെ വല്ലാതെ അലട്ടുന്നുണ്ട്. താരത്തിന് രണ്ടര മാസത്തോളം വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പുറത്തേറ്റ പരിക്ക് ഭേദമാകാനും താരത്തിന് പത്താഴ്ച എടുത്തേക്കും. ന്യൂസിലൻഡിന് എതിരായുള്ള മത്സരത്തിലാണ് പാകിസ്താന്റെ ഏറ്റവും വിശ്വസ്തനായ ഓപ്പണർക്ക് പരിക്കേറ്റത്.

വിദേശ ലീഗുകളിൽ കളിക്കുന്നതിനുള്ള നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (എൻ‌ഒ‌സി) സംബന്ധിച്ചതടക്കമുള്ള സെലക്ഷൻ കാര്യങ്ങളിൽ അദ്ദേഹം അതൃപ്തനാണെന്ന് കൂടുതൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുടുംബത്തിനൊപ്പം പാകിസ്താൻ വിടാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. വ്യക്തിപരമായും പ്രൊഫഷണലായും ഇത് ​ഗുണം ചെയ്യുമെന്നാണ് താരം കരുതുന്നത്. അതേസമയം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല. സമാനും റിപ്പോർട്ടിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സത്യമായാൽ പാകിസ്താന് വലിയൊരു തിരിച്ചടിയാകുമിത്.

34 കാരനായ ഫഖർ സമാൻ 86 ഏകദിനങ്ങളിൽ നിന്ന് 3,651 റൺസ് നേടിയിട്ടുണ്ട്. 210 ആണ് മികച്ച സ്കോർ. 46.21 ശരാശരി. 2017 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്കെതിരെ നേടിയ 114 റൺസിന്റെ അവിസ്മരണീയമായ ഇന്നിംഗ്‌സ് പാകിസ്താന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

 

Share
Leave a Comment