ന്യൂഡൽഹി: ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകശാ കൗൺസിലിൽ (UNHRC) പാകിസ്താനെതിരെ അതിരൂക്ഷ വിമർശനവുമായി ഇന്ത്യ. ജമ്മുകശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്ന പാര് നിയമമന്ത്രി അസം നസീറിന്റെ ആരോപണത്തിനായിരുന്നു ഇന്ത്യ മറുപടി നൽകിയത്. സൈന്യം നൽകുന്ന അസത്യങ്ങൾ യഥാർത്ഥ്യമാണെന്ന് വരുത്തി തീർക്കാനാണ് പാക് നേതൃത്വം ശ്രമിക്കുന്നതെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ക്ഷിതിജി ത്യാഗി പറഞ്ഞു. UNHRC-യുടെ 58-ാമത് സെഷനിലെ ഏഴാം യോഗത്തിലായിരുന്നു ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
പാകിസ്താനിലെ നേതാക്കളും പ്രതിനിധികളും അവരുടെ സൈനിക-ഭീകരർ കൈമാറിയ നുണകൾ പ്രചരിപ്പിക്കുന്നത് ഖേദകരമാണ്. ഒഐസിയെ (Organisation of Islamic Cooperation) മുഖപത്രമായി ദുരുപയോഗം ചെയ്യുകയാണ് പാകിസ്താൻ. അസ്ഥിരതയിലൂടെ കടന്നുപോകുന്ന രാഷ്‌ട്രം അവാസ്തവമായ പ്രസ്താവനകൾ നടത്തി യുഎൻ കൗൺസിലിന്റെ സമയം പാഴാക്കുന്നത് നിർഭാഗ്യകരമാണ്. ജനാധിപത്യത്തിലും പുരോഗതിയിലും ജനങ്ങളുടെ അന്തസ്സ് ഉറപ്പാക്കുന്നതിലുമാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മൂല്യങ്ങളാണ് പാകിസ്താൻ പഠിക്കേണ്ടതെന്നും ത്യാഗി ജനീവയിൽ പറഞ്ഞു.
ആഭ്യന്തരപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിൽ വീഴ്ച വരുത്തുന്ന പാകിസ്താൻ ഇന്ത്യാവിരുദ്ധ വാചാടോപങ്ങൾക്കായി അന്താരാഷ്‌ട്ര പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും ത്യാഗി കൂട്ടിച്ചേർത്തു.
മനുഷ്യാവകാശ ലംഘനങ്ങൾ, ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കൽ, ജനാധിപത്യ മൂല്യങ്ങളെ തകർക്കൽ എന്നീ നയങ്ങളിലൂടെ സഞ്ചരിക്കുന്ന രാജ്യം എന്ന നിലയിലും, യുഎൻ അംഗീകരിച്ച തീവ്രവാദികളെ ധിക്കാരപൂർവ്വം സംരക്ഷിക്കുന്ന രാജ്യം എന്ന നിലയിലും, മറ്റുള്ളവരോട് പ്രസംഗിക്കാനുള്ള യോഗ്യത പാകിസ്താനില്ലെന്നും അദ്ദേഹം പറഞ്ഞു.















