തിരുവനന്തപുരം: മാർക്കോ സിനിമയുടെ പേരെടുത്ത് വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിനിമകളിലെ വയലൻസ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല, ഇത്തരം രംഗങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു.
വ്യാപകമായ അക്രമങ്ങൾ നടക്കുകയാണ്. ആർഡിഎക്സ്, കൊത്ത്, മാർക്കോ എന്നീ സിനിമകൾ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയാണ്. ഇത് തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെങ്കിലും സർക്കാർ നിഷ്ക്രിയരായി തുടരുകയാണെന്നും ചെന്നിത്തല പറഞ്ഞു.
വെഞ്ഞാറമൂട് കൂട്ടക്കൊല ചെയ്ത പ്രതി അഫാന് പ്രേരണയായത് സിനിമയിലെ വയലൻസ് രംഗങ്ങൾ കൂടിയാണെന്ന വ്യാഖ്യാനമാണ് ചെന്നിത്തല പരോക്ഷമായി ഉയർത്തിയത്. കേരളത്തിൽ അടുത്തകാലത്ത് നടന്ന കൊലപാതകങ്ങൾക്ക് സിനിമയിലെ വയലൻസിനുൾപ്പടെ പങ്കുണ്ടെന്ന സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു മുൻ പ്രതിപക്ഷ നേതാവ്.
ലോകത്ത് നിരവധി വയലൻസ് സിനിമകൾ റിലീസ് ചെയ്യപ്പെടുന്നുണ്ടെങ്കിലും മലയാളത്തിൽ അടുത്ത കാലത്തായാണ് അത്തരം സിനിമകൾ നിർമിക്കപ്പെട്ടത്. ആക്ഷൻ സിനിമാപ്രേമികൾ ഇത്തരം സിനിമകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. മാർക്കോ ഉൾപ്പടെയുള്ള സിനിമകൾ ബോക്സോഫീസിൽ വൻ ഹിറ്റാവുകയും ചെയ്തു. എന്നാൽ സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ യഥാർത്ഥ കാരണങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതിന് പകരം സിനിമയിലെ വയലൻസ് രംഗങ്ങളെ പ്രതിയാക്കുന്ന സമീപനം പല രാഷ്‌ട്രീയ നേതാക്കളും സാമൂഹ്യ പ്രവർത്തകരും കൈക്കൊണ്ടിരുന്നു. സമാനമായ നിലപാടാണ് രമേശ് ചെന്നിത്തലയും ഉന്നയിച്ചത്.
അടുത്തകാലത്ത് വരെ ദൃശ്യം സിനിമയും സമാന ആരോപണം നേരിട്ടിരുന്നു. ആര് ആരെ തല്ലിക്കൊന്ന് കുഴിച്ചുമൂടിയാലും അത് ദൃശ്യം സിനിമ കണ്ടിട്ടാണെന്നായിരുന്നു പലരും ഉയർത്തിയ വിമർശനങ്ങൾ. ഈ കൂട്ടത്തിലേക്കാണ് ഇപ്പോൾ ആർഡിഎക്സ്, മാർക്കോ, കൊത്ത് തുടങ്ങിയ സിനിമകളും ഉൾപ്പെട്ടിരിക്കുന്നത്.