ജക്കാർത്ത: സ്വവർഗരതിയുടെ പേരിൽ ചാട്ടവാറടി ശിക്ഷയായി സ്വീകരിച്ച് രണ്ട് യുവാക്കൾ. ഇന്തോനേഷ്യയിലെ അസേഹ് പ്രവിശ്യയിലാണ് സംഭവം. ഇസ്ലാമിക നിയമമായ ശരിഅത്ത് കർശനമായി പിന്തുടരുന്ന മേഖലയാണ് അസേഹ് പ്രവിശ്യ. ഇസ്ലാമിക നിയമപ്രകാരം സ്വവർഗരതി കുറ്റകരമായതിനാൽ അത്തരം ബന്ധങ്ങളിൽ ഏർപ്പെട്ടതായി തെളിയുന്ന പക്ഷം പൊതുമധ്യത്തിൽ ചാട്ടവാറടി ശിക്ഷയായി ലഭിക്കും.
ലോകത്തിലേറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. അവിടെ സ്വവർഗരതി നിയമവിരുദ്ധമല്ലെങ്കിലും അസേഹ് എന്ന പ്രവിശ്യ പൂർണമായും ഇസ്ലാമിക നിയമത്തിൽ അധിഷ്ഠിതമായതിനാൽ അവിടെ ശിക്ഷാർഹമായ കുറ്റമാണ്. നിലവിൽ ശിക്ഷ ലഭിച്ച രണ്ട് യുവാക്കളും കുറ്റക്കാരാണെന്ന് കോടതിയായിരുന്നു കണ്ടെത്തിയത്. തുടർന്ന് അസേഹിലെ തലസ്ഥാനമായ ബാന്ദ അസേഹിൽ വച്ച് പൊതുജന സമക്ഷത്തിൽ രണ്ട് പേരെയും ചാട്ടവാറിനടിച്ചു. ഒരാൾക്ക് 82 തവണയും രണ്ടാമത്തെയാൾക്ക് 77 തവണയവുമാണ് അടി കിട്ടിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശിക്ഷിക്കപ്പെട്ട രണ്ട് പേരും പ്രാദേശിക സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്നു. വാടകയ്‌ക്ക് ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. ഒരു ദിവസം പ്രദേശവാസികൾ ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറി പരിശോധിച്ചപ്പോഴാണ് ഇവർ സ്വവർഗബന്ധം തുടരുന്നവരാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെ പ്രവിശ്യയിലുള്ള ശരിയ പൊലീസിന് കൈമാറുകയായിരുന്നു.















