കാഠ്മണ്ഡു: റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നേപ്പാളിൽ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മധ്യനേപ്പാളിൽ സ്ഥിതിചെയ്യുന്ന സിന്ധുപാൽചൗക് ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
അർദ്ധരാത്രി 2.51ന് ജില്ലയിലെ ഭൈരവകുണ്ഠ എന്ന പ്രദേശത്തോട് ചേർന്ന് ഭൂമികുലുങ്ങുകയായിരുന്നു. നേപ്പാളിലെ വിവിധയിടങ്ങളിലേക്ക് ഇതിന്റെ പ്രകമ്പനമുണ്ടായി. മധ്യകിഴക്കൻ മേഖലയിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്. ഇന്ത്യ, ടിബറ്റ്, ചൈന എന്നീ രാജ്യങ്ങളുടെ നേപ്പാൾ അതിർത്തി മേഖലകളിലും പ്രകമ്പനമുണ്ടായി. ഭൂചലനത്തെ തുടർന്ന് ആളപായമോ നാശനഷ്ടമോ ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.















