മുംബൈ: അമേരിക്കയിൽ വാഹനമിടിച്ച് കോമയിലായ ഇന്ത്യൻ വിദ്യാർത്ഥി നീലം ഷിൻഡെയുടെ കുടുംബത്തിന് മകളുടെ അടുത്തേക്ക് പോകാൻ അടിയന്തര വിസ ലഭിച്ചു. നീലത്തിന്റെ പിതാവിനും സഹോദരനുമാണ് യുഎസിലേക്ക് പോകാൻ വിസ അനുവദിച്ചത്.
കോമയിൽ കഴിയുന്ന നീലം ഷിൻഡെ ഗുരുതരമായ പരിക്കുകളോടെ അമേരിക്കയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്‌ക്കും കൈകാലുകൾക്കും നെഞ്ചിനും സാരമായ പരിക്കേറ്റിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും ഗുരുതരാവസ്ഥയിലാണ് നീലം.
മഹാരാഷ്‌ട്രയിലെ സത്താര സ്വദേശിയായ നീലത്തിന്റെ അപകടവാർത്തയറിഞ്ഞ കുടുംബം അമേരിക്കയിലേക്ക് പോകാൻ താത്പര്യപ്പെടുകയായിരുന്നു. എന്നാൽ യുഎസ് വിസ ലഭിക്കുകയെന്നത് ഏറെ സുദീർഘമായ നടപടിക്രമങ്ങളാണെന്നത് കുടുംബത്തിന് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് സംസ്ഥാന-കേന്ദ്രസർക്കാരുകൾ ഇടപെട്ടത്. അടിയന്തര വിസ അനുവദിക്കുന്നതിന് വേണ്ടി യുഎസ് കോൺസുലേറ്റുമായി ഇന്ത്യൻ നേതൃത്വം ചർച്ചകൾ നടത്തി. ഇന്ത്യൻ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച് യുഎസ് ഭരണകൂടം അടിയന്തര വിസ അനുവദിക്കുകയും ചെയ്തു. വിസ എത്രയും വേഗം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നീലത്തിന്റെ കുടുംബം നന്ദിയറിയിച്ചു.
ഫെബ്രുവരി 14നായിരുന്നു നീലം ഷിൻഡെ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ഇക്കാര്യം കുടുംബമറിഞ്ഞത്. യുവതി കോമയിലായതോടെ ആശുപത്രി അധികൃതർ കുടുംബത്തിന് ഇ-മെയിൽ അയച്ചു. എത്രയും വേഗം യുഎസിൽ എത്തണമെന്നയിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു നീലത്തിന്റെ അമ്മയുടെ മരണം. ഇതിന്റെ നടുക്കത്തിൽ കഴിയുന്നതിനിടെയാണ് നീലത്തിന്റെ അപകടവാർത്ത കുടുംബത്തെ തേടിയെത്തിയത്.