സിനിമയിലെ വയലൻസ് രംഗങ്ങൾ യുവാക്കളെ സ്വാധീനിക്കുമോ ഇല്ലയോയെന്ന ചോദ്യങ്ങളും ചർച്ചകളും സജീവമാകുന്നതിനിടെ സംവിധായകൻ ആഷിഖ് അബു നൽകിയ പ്രതികരണം ശ്രദ്ധേയമാവുകയാണ്. സിനിമകൾ ജനങ്ങളെ വളരെയധികം സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ‘റൈഫിൾ ക്ലബ്ല്’ സംവിധായകൻ, വയലൻസ് രംഗങ്ങൾ യുവാക്കളെ ബാധിക്കുമെന്നും അഭിപ്രായപ്പെട്ടു.
വയലൻസ് രംഗങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളോട് അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ വേണം ചലച്ചിത്ര പ്രവർത്തകർ പ്രതികരിക്കാനെന്നും ആഷിഖ് അബു പറഞ്ഞു. വയലൻസ് ചിത്രീകരിക്കുന്നത് കരുതലോടെയാകണം. വയലൻസ് സിനിമകളുടെ ട്രെൻഡിൽ മാറ്റം വരുമെന്നാണ് പ്രതീക്ഷയെന്നും ആഷിഖ് അബു പറഞ്ഞു.
സിനിമ എന്നത് വളരെ പവർഫുള്ളായ മീഡിയമാണ്. സമൂഹത്തിന് മേൽ പലതരത്തിലുള്ള സ്വാധീനം ചെലുത്താൻ സിനിമയ്‌ക്ക് കഴിയും. ഫിലിം മേക്കർ എന്ന നിലയ്‌ക്ക് സമൂഹത്തിൽ ഇത്തരം ചർച്ചകൾ ഉയരുമ്പോൾ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതികരിക്കുകയാണ് വേണ്ടത്. ഒരു ചലച്ചിത്രകാരൻ എന്ന നിലയ്‌ക്ക് എന്റെ സിനിമയ്‌ക്ക് നേരെയാണ് വിമർശനം വരുന്നതെങ്കിൽ അതിനെ അഡ്രസ്സ് ചെയ്യണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. റൈഫിൾ ക്ലബ്ബിന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ഒരു വീഡിയോ ഗെയിം കാണുന്നതുപോലെയാണ് അതിന്റെ ഷൂട്ടിംഗ് സീനുകൾ കാണേണ്ടത്. അങ്ങനെയൊരു ധാരണ നേരത്തെയുണ്ടായിരുന്നു. ആ ധാരണയോടെയാണ് അത് കൊറിയോഗ്രാഫി ചെയ്തത്. ഇതെല്ലാം കുറച്ച് ഉത്തരവാദിത്വത്തോടെ ചെയ്യണമെന്നാണ് അഭിപ്രായം. – ആഷിഖ് അബു പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ആഷിഖ് അബുവിന്റെ നിലപാടിനെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്. വീഡിയോക്ക് താഴെ കമന്റുകളായാണ് പലരും വിയോജിപ്പ് രേഖപ്പെടുത്തിയത്. വയലൻസ് രംഗങ്ങൾ യുവാക്കളെ പ്രോത്സാഹിപ്പിക്കുമെന്നാണ് നിലപാടെങ്കിൽ റൈഫിൾ ക്ലബ്ബ് ചിത്രീകരിക്കാൻ ആഷിഖ് അബുവിന് എങ്ങനെയാണ് കഴിഞ്ഞതെന്ന് കമന്റ് ബോക്സുകളിൽ ചോദ്യമുയർന്നു. ഒരു തോക്ക് കയ്യിൽ കിട്ടിയാൽ ആർക്കും വെടിയുതിർക്കാൻ തോന്നിപ്പിക്കുന്ന വിധമാണ് റൈഫിൾ ക്ലബ്ബിന്റെ നിർമിതിയെന്ന് കരുതേണ്ടി വരില്ലേയെന്നാണ് വിമർശനം. ‘ഇടുക്കി ഗോൾഡ്’ എന്ന ചിത്രം ലഹരി ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനത്തോട് എങ്ങനെയാണ് ആഷിഖ് അബു പ്രതികരിക്കുകയെന്നും ചിലർ ചോദിച്ചു.
ആഷിഖ് അബു സംവിധാനം ചെയ്ത അല്ലെങ്കിൽ നിർമിച്ച ചിത്രങ്ങളായ 22 ഫീമെയിൽ കോട്ടയം, ഇടുക്കി ഗോൾഡ്, മായാനദി, ആർക്കറിയാം, ആണും പെണ്ണും, ഭീമന്റെ വഴി, റൈഫിൾ ക്ലബ്ബ് എന്നീ ചിത്രങ്ങൾ ലഹരി ഉപയോഗം, മദ്യപാനം, കൊലപാതകം, അക്രമം, ലൈംഗികാതിക്രമം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയും ലൈംഗികച്ചുവ നിറഞ്ഞ രംഗങ്ങളും ലഹരി ഉപയോഗത്തെ മാസ്മരികമായി അവതരിപ്പിക്കുന്ന ഭാഗങ്ങളുമെല്ലാം അടങ്ങിയതാണ്. സിനിമ പൊതുസമൂഹത്തെ അത്രമേൽ സ്വാധീനിക്കുമെന്നാണ് ആഷിഖ് അബുവിന്റെ നിലപാടെങ്കിൽ അദ്ദേഹം പുറത്തിറക്കിയ ചിത്രങ്ങളുടെ സ്വഭാവവും വ്യത്യസ്തമല്ലെന്നാണ് വിമർശകരുടെ മറുപടി. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘മാർക്കോ’ കൈവരിച്ച വിജയത്തിന്മേലുള്ള അതൃപ്തിയാണ് ആഷിഖ് അബുവിന്റെ വൈരുദ്ധ്യാത്മക നിലപാടിന് കാരണമെന്നാണ് ആക്ഷേപം.