വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച രൂക്ഷമായ വാക്കുതർക്കത്തിൽ അവസാനിച്ചു. വെള്ളിയാഴ്‌ച യുക്രെയ്നിന്റെ ധാതുസമ്പത്ത് പങ്കിടുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാനും റഷ്യയുമായി സമാധാന കരാറിനെക്കുറിച്ച് ചർച്ച ചെയ്യാനുമായി തീരുമാനിച്ചിരുന്ന യോഗത്തിൽ ഇരു നേതാക്കളും പരസ്യമായി ഏറ്റുമുട്ടി. ഓവൽ ഓഫീസിൽ നടന്ന ചർച്ചയുടെ ഒരുഘട്ടത്തിൽ “ഒരു കരാറിലെത്തുക, അല്ലെങ്കിൽ നിങ്ങൾക്ക് പുറത്തേക്ക് പോകാം” എന്ന് യുഎസ് പ്രസിഡൻ്റ് അന്ത്യശാസനം നൽകി. യുക്രെയ്നിനെ ഏറ്റവും കൂടുതൽ പിന്തുണ രാജ്യത്തോട് സെലൻസ്കി ‘അനാദരവ്’ കാട്ടുകയാണെന്നും യുക്രെയ്ൻ നേതാവ് യുഎസ് പ്രസിഡന്റിനോട് നന്ദി പറയാൻ തയാറായില്ലെന്നും വൈസ് പ്രസിഡന്റ് ജെഡി വാൻസ് ആരോപിച്ചതോടെ തർക്കം രൂക്ഷമായി.
സെലൻസ്‌കിയുടെ അഞ്ചാമത്തെ വൈറ്റ് ഹൗസ് സന്ദർശനവും പ്രസിഡന്റ് ട്രംപിന് കീഴിലുള്ള ആദ്യ സന്ദർശനവുമായിരുന്നു ഇത്. തർക്കത്തിനുപിന്നാലെ ധാതു കരാറിൽ ഒപ്പുവെക്കാതെ സെലൻസ്കി വൈറ്റ് ഹൗസ് വിട്ട് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. പരമ്പരാഗതമായി നയതന്ത്ര ചർച്ചകൾക്കുള്ള വേദിയായ ഓവൽ ഓഫീസ് നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ചർച്ചയുടെ തുടക്കത്തിൽ തന്നെ യുക്രെയ്നിന്റെ ധാതു വിഭവങ്ങളിൽ അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കാനും തന്റെ ഇഷ്ടത്തിനനുസരിച്ച് യുദ്ധ പരിഹാരത്തെ സ്വാധീനിക്കാനുമുള്ള ഉദ്ദേശ്യങ്ങൾ ട്രംപ് പരസ്യമായിവെളിപ്പെടുത്തി. പരിമിതമായ ആയുധ വിതരണത്തിന് മുൻഗണന നൽകികൊണ്ട് ട്രംപ് തങ്ങൾ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിച്ചു.
അമേരിക്കയുടെ പിന്തുണയ്‌ക്ക് സെലൻസ്കി നന്ദി പറയാൻ തയാറാവാത്തതിനെ വൈസ് പ്രസിഡന്റ് ജെഡി വാൻസ് ചോദ്യം ചെയ്തതോടെയാണ് തർക്കം രൂക്ഷമായത്. സെലൻസ്കി പ്രതികരിക്കാൻ ശ്രമിച്ചപ്പോൾ ശക്തമായി ഇടപെട്ട ട്രംപ് നിങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ കൊണ്ടാണ് ചൂതാട്ടം നടത്തുന്നതെന്ന് ആരോപിച്ചു. നിങ്ങൾ നന്ദിയോടെ പെരുമാറുന്നില്ല, അതൊരു നല്ലകാര്യമല്ല. ഇതുപോലെ മുന്നോട്ട് പോവുക ബുദ്ധിമുട്ടായിരിക്കും. ഞങ്ങൾ നിങ്ങൾക്ക് 350 ബില്യൺ ഡോളർ നൽകി, ഞങ്ങൾ നിങ്ങൾക്ക് സൈനിക ഉപകരണങ്ങൾ നൽകി, ധാരാളം പിന്തുണയും നൽകി. ഞങ്ങളുടെ സൈനിക ഉപകരണങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, ഈ യുദ്ധം രണ്ടാഴ്ചയ്‌ക്കുള്ളിൽ അവസാനിക്കുമായിരുന്നു”. ഇതിന് പ്രസിഡന്റ് സെലെൻസ്‌കി ഉടൻ തന്നെ തിരിച്ചടിച്ചു, ട്രംപും പുടിന്റെ അതെ വാക്കുകളാണ് ആവർത്തിക്കുന്നതെന്ന് പരോക്ഷമായി ആരോപിച്ചു.
കൂടിക്കാഴ്‌ച പരാജയപ്പെട്ടതിനുപിന്നാലെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കിട്ട സന്ദേശത്തിൽ “അമേരിക്ക ഉൾപ്പെട്ടാൽ പ്രസിഡന്റ് സെലെൻസ്‌കി സമാധാനത്തിന് തയ്യാറല്ലെന്ന്’ യുഎസ് പ്രസിഡന്റ് കുറിച്ചു. സമാധാനത്തിന് തയ്യാറാകുമ്പോൾ അദ്ദേഹത്തിന് തിരിച്ചുവരാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. വെടിനിർത്തലിലേക്കുള്ള ആദ്യപടിയായ നിർണായക കരാറിൽ ഒപ്പുവെക്കാതെ സെലെൻസ്‌കി പോയതോടെ യുക്രെയ്‌നിൽ സമാധാനത്തിനുള്ള പ്രതീക്ഷ അനിശ്ചിതമായി വൈകിയിരിക്കുകയാണ്. അതേസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഉക്രെയ്‌നിനുള്ള പാശ്ചാത്യ പിന്തുണ തുടരുമെന്ന് ആവർത്തിച്ചു.
Leave a Comment