റായ്പൂർ: ഛത്തീസ്ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. വനമേഖലയായ സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. രാവിലെ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. കിസ്തറാം പൊലീസ് സ്റ്റേഷൻ പരിധിയിലെ വനപ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് തെരച്ചിൽ നടന്നുവരികയാണ്.
രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്ന് സുരക്ഷാസേനയും ഛത്തീസ്ഗഢ് പൊലീസും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. സൈന്യത്തെ കണ്ടതോടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വൻ ആയുധശേഖരവും കണ്ടെടുത്തു. ജില്ലാ റിസർവ് ഗാർഡും സിആർപിഎഫിന്റെ കോബ്രാ യൂണിറ്റും ഓപ്പറേഷന്റെ ഭാഗമായി.
കഴിഞ്ഞ ദിവസം ദമ്പതികൾ ഉൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. 2021-ൽ 22 സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവൻ നഷ്ടപ്പെട്ട തെകുൽഗുഡ ആക്രമണത്തിൽ ഉൾപ്പെട്ടവരാണ് കീഴടങ്ങിയതെന്ന് പൊലീസ് അറിയിച്ചു.















