കൊല്ലം മൺറോത്തുരുത്തിൽ മദ്യലഹരിയിൽ 42-കാരനെ 19-കാരൻ വെട്ടിക്കൊന്നു. മൺറോത്തുരുത്ത് സ്വദേശി സുരേഷാണ് കൊല്ലപ്പെട്ടത്. 19 കാരനായ അമ്പാടിയാണ് പ്രതി. അമ്പാടി ലഹരിക്കടിമയാണെന്ന് നാട്ടുകാരും പാെലീസും പറഞ്ഞു. അമ്പാടിയുടെ വീടിന് മുന്നിലായിരുന്നു കൊലപാതകം നടന്നത്.മോഷണവും ലഹരികടത്തും ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അമ്പാടി.
പടിഞ്ഞാറേകല്ലട കല്ലുംമൂട്ടിൽ ചെമ്പകത്തുരുത്ത് ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചുള്ള പറയെടുപ്പിനിടെ പ്രതി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. തുടർന്ന് ഇയാളെ ക്ഷേത്ര വളപ്പിൽ നിന്ന് ഓടിച്ചു. ഇതിന് പിന്നാലെ റെയിൽവേ ട്രാക്കിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയെ പിന്തിരിപ്പിച്ച് സുരേഷും സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് വീട്ടിലെത്തിച്ചു.
രാത്രി വീട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം. വീട്ടിൽ കയറി പോയ അമ്പാടി വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് സുരേഷിനെ വെട്ടുകയായിരുന്നു. കഴുത്തിനാണ് സുരേഷിന് വെട്ടേറ്റത്. ഇയാൾ തത്ക്ഷണം മരിക്കുകയായിരുന്നു.