ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ ഹിമപാതത്തിൽ നാല് മരണം. ദൗത്യ സംഘം ഇതുവരെ 46 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർ അറിയിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി ഫോണിൽ സംസാരിച്ചു. ഹിമപാതത്തിന്റെ ആഘാതം, നിലവിലുള്ള കാലാവസ്ഥ എന്നിവയുൾപ്പെടെയുള്ള സ്ഥിതിഗതികൾ ധാമി പ്രധാനമന്ത്രിയെ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നൽകി.
“ചമോലി ജില്ലയിലെ മനയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി നടത്തുന്ന രക്ഷാപ്രവർത്തനത്തെക്കുറിച്ച് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജി ഫോണിൽ സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു. സംസ്ഥാനത്തെ മഴയുടെയും മഞ്ഞുവീഴ്ചയുടെയും സാഹചര്യത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും അദ്ദേഹം ശേഖരിച്ചു. ഈ വേളയിൽ, ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി,” എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പുഷകർ സിംഗ് ധാമി പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ 5:30 നും 6:00 നും ഇടയിലാണ് ഹിമപാതം ഉണ്ടായത്. ഇതിനെത്തുടർന്ന് മനയ്‌ക്ക് സമീപമുള്ള BRO ക്യാമ്പ് പൂർണ്ണമായും മഞ്ഞുകൊണ്ടു മൂടി. ഇവിടെയാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3,200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, ഇന്തോ-ടിബറ്റൻ അതിർത്തിക്കടുത്തുള്ള വിദൂര ഗ്രാമമാണ് മന. രക്ഷാപ്രവർത്തനങ്ങൾക്കായി പ്രത്യേകം പരിശീലനം ലഭിച്ച സൈന്യത്തിന്റെ ഐബെക്സ് ബ്രിഗേഡ് സംഘത്തെയും ഒപ്പം ഡോക്ടർമാരും ആംബുലൻസുകളും ഉൾപ്പെടെ വിന്യസിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.















