കോഴിക്കോട്: താമരശേരിയിൽ ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഷഹബാസ് ക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന് തെളിയിക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. ഷഹബാസിന്റെ തലയോട്ടി തകർന്നതായും നെഞ്ചിനേറ്റ മർദ്ദനത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ചെവിയുടെ പിന്നിലും കണ്ണിലും മർദ്ദനമേറ്റു. കട്ടിയേറിയ ആയുധം ഉപയോഗിച്ചാണ് ഷഹബാസിനെ മർദ്ദിച്ചതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടത്തിൽ വ്യക്തമാണ്.
പ്രതികൾ നഞ്ചക്ക് ഉപയോഗിച്ചാണ് ഷഹബാസിനെ ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, അഞ്ച് വിദ്യാർത്ഥികളുടെയും ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി. പ്രതികളെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് പുലര്‍ച്ചെ ഷഹബാസ് മരിച്ചതോടെയാണ് വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. വിദ്യാർത്ഥികളെ വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും.
സ്വകാര്യ ട്യൂഷൻ സെന്‍ററിലെ യാത്രയയ്പ്പിനോടനുബന്ധിച്ച് നടന്ന പരിപാടിക്ക് പിന്നാലെയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രി 12.30 ഓടെ ഷഹബാസിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.