തിരുവനന്തപുരം: പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്തു പിടിച്ച കേസിൽ മുട്ടത്തറ സ്വദേശി ദേവദാസിനെ (76) പത്തുവർഷം തടവിനും 10000 രൂപ പിഴയ്‌ക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അത അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.
2023 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ പഠിപ്പിക്കവേ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പ്രതി കടന്നു പിടിക്കുകയായിരുന്നു. അന്ന് ക്ലാസ്സിൽ മറ്റു കുട്ടികളുണ്ടായിരുന്നില്ല. ഭയന്ന കുട്ടി സംഭവം പുറത്ത് പറഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞ് ട്യൂഷൻ ക്ലാസിൽ പോകാൻ കുട്ടി വിസമ്മതിച്ചതിനാൽ കാര്യം തിരക്കിയപ്പോഴാണ് വീട്ടുകാരോട് വിവരം പറഞ്ഞത്.
ഇത് കൂടാതെ ട്യൂഷൻ സെൻ്ററിന്റെ പ്രിൻസിപ്പല്ലിനോടും പറഞ്ഞു. പ്രിൻസിപ്പല്ലും വീട്ടുകാരും ചേർന്ന് പാെലീസിനെ അറിയിച്ചു.പിന്നീടാണ് അറസ്റ്റ് നടന്നത്. ഭാര്യയും താനും രോഗികൾ ആണെന്നും മക്കൾ ഇല്ലാത്തതിനാൽ ശിക്ഷ കുറയ്‌ക്കണമെന്ന പ്രതിയുടെ അപേക്ഷ കോടതി തള്ളി. അദ്ധ്യാപകനായ പ്രതി ചെയ്ത കൃത്യത്തിന് യാതൊരു ദയയും അർഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
പ്രോസിക്യൂഷൻ കേസിൽ 15 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ അഖിലേഷ് എന്നാവർ ഹാജരായി. തമ്പാനൂർ എസ് ഐ വിഎസ് രഞ്ജിത്ത്, എസ് ഐ എസ് ജയശ്രീ എന്നിവരാണ് അന്വേഷണം നടത്തിയത്.