പാലക്കാട്: ക്ലാസ്മുറിയിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ വിദ്യാർത്ഥിയുടെ മൂക്ക് ഇടിച്ചുതകർത്തു. ഒറ്റപ്പാലം ശ്രീ വിദ്യാധിരാജ ഐടിഐയിലാണ് സംഭവം. രണ്ട് വിദ്യാർത്ഥികൾ തമ്മിലാണ് തല്ലുണ്ടായത്. മർദ്ദനത്തിൽ ഒരു വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നു.
ഫെബ്രുവരി 19-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാക്കുതർക്കമാണ് ക്രൂരമായ മർദ്ദനത്തിൽ കലാശിച്ചത്. മൂക്കിന് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമാണെന്ന് വിദ്യാർത്ഥിയുടെ ബന്ധുക്കൾ പറയുന്നു.
കുടുംബത്തിന്റെ പരാതിയിൽ മർദ്ദിച്ച വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. ചികിത്സയിൽ തുടരുന്ന വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. ഇരുവരും തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കും.















