താമരശ്ശേരി: പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊന്ന കുറ്റത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത 5 വിദ്യാർഥികളിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മകനുമുണ്ട്. മറ്റൊരാൾ അദ്ധ്യാപകരുടെ മകനാണ് എന്നും റിപ്പോർട്ടുണ്ട്.
ബാല കുറ്റവാളികൾക്ക് നിയമത്തിൽ ലഭിക്കുന്ന ഇളവുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഈ കേസിൽ ഏറെയാണ് എന്ന് വിദഗ്‌ധർ പറയുന്നു. ക്രിമിനൽ ബുദ്ധിയോടെ കൃത്യമായ ഗൂഢാലോചന നടത്തിയ ശേഷമെന്ന് കുട്ടികൾ ഷഹബാസിനെ കൊന്നതെന്ന് തെളിവുകൾ വ്യക്തമാക്കുന്നുണ്ട് . കേവലം കുട്ടികൾ എന്നതിനപ്പുറം ക്രിമിനൽ മനസ്സോടെ കൂട്ടായി ആലോചിച്ചാണ് ഇവർ പ്രവർത്തിച്ചതെന്നും പുറത്തുവന്ന ഡിജിറ്റൽ തെളിവുകളിൽനിന്ന് വ്യക്തമാകുന്നു.
കൊല്ലണമെന്ന് ഉറപ്പിച്ചശേഷമാണ് ഷഹബാസിനെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയത് എന്ന് ചാറ്റുകൾ തെളിയിക്കുന്നുണ്ട്. സംഭവത്തിന് മുൻപു തന്നെ ഷഹബാസിനെ ലക്ഷ്യമിട്ട് കൊല്ലുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ എന്നോണം വാട്സാപ്പ്, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ തുടങ്ങി.
കൂട്ടം ചേർന്ന് മർദിച്ചാൽ കേസ് നിൽക്കില്ലെന്നും മരിച്ചാൽ പോലും ജയിലിൽ കിടക്കേണ്ടി വരില്ലെന്നുമുള്ള നിയമ വശങ്ങൾ പോലും ഈ കുട്ടി ക്രിമിനലുകൾക്ക് ചർച്ചാ വിഷയമായി. എസ്എസ്എൽസി പരീക്ഷയായതിനാൽ അതിന്റെ ആനുകൂല്യവും ലഭിക്കും എന്നും ഇവർ മനസ്സിലാക്കിയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ വലിയ പ്രശ്നങ്ങളുണ്ടാകില്ലെന്നുറപ്പിച്ച ശേഷമാണ് ഇവർ മനപൂർവ്വം കൊല ചെയ്തത്.
അബോധാവസ്ഥയിൽ ഹോസ്പിറ്റൽ കിടന്നിരുന്ന ഷഹബാസിന്റെ മൊബൈൽ ഫോണിലേക്ക് അവനെ ആക്രമിച്ചയാൾ “ക്ഷമിക്കണം” എന്ന അർഥം വരുന്ന വോയിസ് അയച്ചത് പോലും ക്രിമിനൽ ബുദ്ധിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.പൊരുത്തപ്പെടൽ അപേക്ഷ പൊതു സമൂഹത്തിനു കുറ്റവാളികളോട് അനുഭാവമുണ്ടാക്കാനുളള നീക്കമായി വിലയിരുത്തപ്പെടുന്നു.
ഏളേറ്റിൽ സ്കൂളിലെയും താമരശ്ശേരി സ്കൂളിലെയും കുട്ടികൾ തമ്മിൽ മുൻപും പ്രശ്നമുണ്ടായിട്ടുണ്ട്. അതെല്ലാം അപ്പപ്പോൾ തീർന്നിരുന്നു. പക്ഷേ, മർദിച്ച വിദ്യാർഥികൾ ഇതെല്ലാം പകയായി മനസ്സിൽ കൊണ്ടുനടന്നിരുന്നുവെന്നാണ് സംശയിക്കുന്നത്.
ഷഹബാസിനെ വാടക വീട്ടിൾ നിന്ന് വിളിച്ചിറക്കിക്കൊണ്ടുവന്ന് ആളുകൾ നോക്കിനിൽക്കെ നഗരമധ്യത്തിലിട്ടാണ് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ക്രൂരമായി മർദിച്ചത്.