കോഴിക്കോട്: പ്രതികൾ രാഷ്‌ട്രീയ സ്വാധീനമുള്ളവരാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും താമരശേരിയിൽ ക്രൂരമർദ്ദനത്തിനിരിയായി കൊല്ലപ്പെട്ട വിദ്യാർത്ഥി ഷഹബാസിന്റെ പിതാവ്. മകനെ അടിച്ചപ്പോൾ പ്രതികളുടെ രക്ഷിതാക്കൾ സ്ഥലത്തുണ്ടായിരുന്നെന്നും പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും പിതാവ് ഇക്ബാൽ പറഞ്ഞു.
പ്രതികളുടെ രക്ഷിതാക്കളുടെ പങ്ക് അന്വേഷിക്കണം. അക്രമികൾക്ക് ആയുധങ്ങൾ ലഭിച്ചത് രക്ഷിതാക്കളിൽ നിന്നെന്ന് സംശയമുണ്ട്.
പൊലീസുകാരന്റെയും അദ്ധ്യാപികയുടെയും മക്കൾ പ്രതികളാണ്. പൊലീസ് സ്വാധീനത്തിന് വഴങ്ങരുത്. പ്രശ്നങ്ങൾ ഇവിടം കൊണ്ട് അവസാനിക്കണം. പ്രതികാരചിന്ത ഉണ്ടാകരുത്. മർദ്ദനത്തിന് പിന്നിൽ ലഹരി സ്വാധീനമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇക്ബാൽ പ്രതികരിച്ചു.
ഷഹബാസിന്റെ കൊലപാതകത്തിൽ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴിയെടുക്കാനാണ് പൊലീസിന്റെ നീക്കം. പ്രതികളായ അഞ്ച് വിദ്യാർത്ഥികളെ കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.