തിരുവനന്തപുരം: മഴ നനഞ്ഞുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് കുടയും കോട്ടും വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആശ വർക്കർമാർ കെട്ടിയിരുന്ന ടർപ്പോളിൻ പൊലീസ് അഴിച്ചുമാറ്റിയതിന് പിന്നാലെ മഴ നനഞ്ഞ് സമരം ചെയ്യുന്നതിനിടെയാണ് സുരേഷ് ഗോപി എത്തിയത്. സമരം ചെയ്യുന്ന ആശ വർക്കാർമാരെ സന്ദർശിച്ച അദ്ദേഹം വിവരങ്ങൾ ചോദിച്ചറിയുകയും പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
രാവിലെ മുതൽ തിരുവനന്തപുരത്ത് നേരിയ മഴയാണ് അനുഭവപ്പെടുന്നത്. പിണറായി പൊലീസ് എത്തി ടർപ്പോളിൻ കൂടി അഴിച്ചുമാറ്റിയതോടെ ആശാവർക്കാർമാർ ദുരിതത്തിലായി. മഴ ശക്തമായതോടെ റെയിൻ കോട്ടുകൾ ധരിച്ചും മഴ നനഞ്ഞുമാണ് ആശ വർക്കർമാർ സമരം ചെയ്തത്. ഇതിനിടെയാണ് സുരേഷ് ഗോപി സമരപ്പന്തലിലേക്ക് എത്തിയത്.
ആശ വർക്കർമാർക്ക് നേരെ ഗൂഢശ്രമങ്ങൾ ഒന്നും ഉണ്ടാകാതെ കരുതൽ കണ്ണുകൾ വയ്‌ക്കണമെന്ന് സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടു. വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദയുമായി ചർച്ച ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.