നാഗ്പൂർ: കേരളത്തെ പരാജയപ്പെടുത്തി 2024-25 രഞ്ജി ട്രോഫി സീസണിലെ ചാമ്പ്യന്മാരായി വിദർഭ. നാഗ്പൂരിലെ ജാംതയിലെ വിസിഎ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ കേരളത്തിനെതിരെ സമനില വഴങ്ങിയെങ്കിലും ആദ്യ ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് വിദർഭ മൂന്നാം തവണയും രഞ്ജി കിരീടം നേടിയത്. ടീം ആദ്യ ഇന്നിംഗ്‌സിൽ 379 ഉം രണ്ടാം ഇന്നിംഗ്‌സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 375 റൺസും നേടി. രണ്ടിന്നിഗ്‌സിലും കരുൺ നായരുടെ പ്രകടനമാണ് കേരളത്തിന്റെ വിജയപ്രതീക്ഷകളെ തട്ടിയകറ്റിയത്.
രണ്ടാം ഇന്നിങ്സിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 375 റൺസ് ആണ് രണ്ട് ദിനം ബാറ്റ് ചെയ്ത് വിദർഭ കണ്ടെത്തിയത്. ലീഡ് 400ന് മുകളിലെത്തി. ഇതോടെ കേരളം രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയിട്ടും കാര്യമില്ലെന്ന് ഉറപ്പായതോടെ ക്യാപ്റ്റൻ സച്ചിൻ ബേബി സമനിലയ്‌ക്ക് കൈകൊടുക്കുകയായിരുന്നു. വിദർഭയുടെ രണ്ട് ഇന്നിങ്സിലും അവരുടെ ഓപ്പണർമാരെ കേരളം തുടക്കത്തിൽ തന്നെ മടക്കി പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ കരുണും ഡാനിഷും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കി വിദർഭയുടെ നില ഭദ്രമാക്കി. രണ്ടാമിന്നിംഗ്‌സിൽ സെഞ്ച്വറിയും കടന്ന് ക്രീസിൽ നിലയുറപ്പിച്ച കരുൺ നായർ 295 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സും സഹിതം 135 റൺസ് നേടിയാണ് പുറത്തായത്. ക്യാപ്റ്റൻ അക്ഷയ് വദ്കർ (25), ഹർഷ് ദുബെ (4), അക്ഷയ് കർനേവർ (30), നാച്ചികെട്ട് ഭൂട്ടെ (3) എന്നിവരും ഇന്ന് പുറത്തായി. കേരളത്തിനായി ആദിത്യ സർവാതെ 4 വിക്കറ്റുകൾ നേടി.
കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത രഞ്ജി സീസൺ ആണ് അവസാനിക്കുന്നത്. നോക്കൗട്ടിലേക്ക് യോഗ്യതനേടിയതിനു പിന്നാലെ ക്വാർട്ടറിൽ ഗുജറാത്തിനെതിരെ പൊരുതി നേടിയ ഒരുറൺസ് ലീഡിന്റെ ബലത്തിലാണ് സെമിയിലെത്തുന്നത്. സെമിയിൽ സൽമാന്റെ ഹെൽമറ്റ് ഒരു ചരിത്രത്തിന്റെ ഭാഗമായപ്പോൾ രണ്ട് റൺസ് ലീഡിന്റെ ബലത്തിൽ ഫൈനലിലേക്കെത്തി. കലാശപ്പോരിൽ കരുത്തരായ വിദർഭയ്‌ക്ക്മുന്നിൽ വീരോചിതമായ പോരാട്ടം കാഴ്‌ചവെച്ചാണ് കേരളം തോൽവി വഴങ്ങുന്നത്.