ചണ്ഡീഗഢ്: 22 കാരിയായ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട് കേസിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി യുവതിയുടെ അമ്മ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ഹിമാനി നർവാളിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് റോഹ്തക്കിലെ ഒരു ബസ് സ്റ്റാൻഡിന് സമീപം ഒരു സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയത്. ഹിമാനിയുടെ മരണത്തിനുപിന്നിൽ കോൺഗ്രസ് പാർട്ടിയിലെ പ്രവർത്തകർ തന്നെയാണെന്നാണ് അമ്മ സവിത നർവാൾ ആരോപിക്കുന്നത്. പാർട്ടിയിലെ സജീവ പ്രവർത്തകയായ ഹിമാനിയുടെ വളർച്ച തങ്ങളുടെ രാഷ്‌ട്രീയ ഭാവിക്ക് ഭീഷണിയാകുമെന്ന് തോന്നിയ ചിലരാണ് കൊലപാതകത്തിന് പിന്നിലെന്ന് അവർ പറഞ്ഞു.
“കോൺഗ്രസിന് വേണ്ടി എന്റെ മകൾ ഒരുപാട് ത്യാഗങ്ങൾ ചെയ്തു, പാർട്ടി അംഗങ്ങൾ ഞങ്ങളുടെ വീട് സന്ദർശിക്കാറുണ്ടായിരുന്നു. ഹിമാനിയുടെ വളർച്ച പാർട്ടിയിലെ ചിലർക്ക് അവരുടെ രാഷ്‌ട്രീയ ജീവിതത്തിൽ ഭീഷണിയാകുമെന്ന് തോന്നിയിരിക്കാം, അതിനാൽ കൊലപാതകത്തിൽ അവർക്ക് പങ്കുണ്ടാകാം,” യുവതിയുടെ അമ്മ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷമായി ഹിമാനി കോൺഗ്രസിൽ പ്രവർത്തിക്കുന്നുണ്ട്. ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയോടൊപ്പം അവൾ ശ്രീനഗറിലേക്ക് യാത്ര ചെയ്തു. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെക്കുറിച്ച് മകൾ പലപ്പോഴും സംസാരിക്കാറുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാക്കളുമായി തർക്കത്തിലേർപ്പെട്ടിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്രയ്‌ക്കിടെയും പ്രശ്‍നങ്ങൾ ഉണ്ടായിരുന്നു. മകളുടെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ഘാതകർക്ക് വധശിക്ഷ നൽകണമെന്നും സവിത ആവശ്യപ്പെട്ടു.