ലക്നൗ: വളർത്തുമൃഗത്തിന്റെ വേർപാട് താങ്ങാനാകാതെ ജീവത്യാഗം ചെയ്ത് യുവതി. 32 വയസുള്ള പൂജയാണ് ആത്മഹത്യ ചെയ്തത്. പൂജയുടെ വളർത്തുപൂച്ച രണ്ടുദിവസം മുൻപായിരുന്നു ചത്തത്. പൂച്ചയുടെ വിയോഗം പൂജയെ മാനസികമായി തളർത്തി. അരുമമൃഗത്തിന്റെ വേർപാട് സഹിക്കാൻ കഴിയാതെ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു യുവതി.
യുപിയിലെ അമ്രോഹയിലെ ഹസൻപൂർ സ്വദേശിയാണ് പൂജ. എട്ട് വർഷം മുൻപ് ഡൽഹി സ്വദേശിയായ യുവാവിനെ പൂജ വിവാഹം ചെയ്തിരുന്നു. രണ്ട് വർഷം മുൻപ് ബന്ധം വേർപിരിഞ്ഞു. അന്നുമുതൽ അമ്മയോടൊപ്പമാണ് യുവതിയുടെ താമസം.
വിവാഹമോചനത്തിന് ശേഷം വലിയ ഏകാന്തത അനുഭവിച്ച യുവതി ഒരു പൂച്ചയെ വളർത്താൻ തീരുമാനിക്കുകയും ദത്തെടുക്കുകയുമായിരുന്നു. ദിവസം മുഴുവനും പൂച്ചയോടൊപ്പം ചെലവഴിക്കുന്നതായിരുന്നു പൂജയും ശീലം. ഒടുവിൽ കഴിഞ്ഞ വ്യാഴാഴ്ച ആ അരുമമൃഗത്തിന് ജീവൻ നഷ്ടമായി.
പൂച്ചയുടെ ജഡം സംസ്കരിക്കാൻ പോലും പൂജ തയ്യാറായില്ല. അമ്മയുടെ വാക്കുകൾ അവഗണിച്ച യുവതി പൂച്ചയുടെ ജീവനറ്റ ശരീരം ചേർത്തുപിടിച്ചിരുന്നു. വീടിന്റെ മൂന്നാം നിലയിലായിരുന്നു പൂജയുടെ മുറി. അകത്ത് ആളനക്കമൊന്നും കേൾക്കാതായതോടെ വാതിൽ തല്ലിപ്പൊളിച്ച് നോക്കിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അമ്മ പ്രതികരിച്ചു. മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു പൂജയുടെ മൃതദേഹം. അരികിൽ പൂച്ചയുടെ ജഡവുമുണ്ടായിരുന്നു.
സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പൂജയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്.















