തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ വെയിലും മഴയും കൊണ്ട് സമരം ചെയ്യുന്ന ആശാപ്രവർത്തകർക്ക് പിന്തുണ നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. അവരുടെ ശബ്ദം കേൾക്കാതെ പോകില്ലെന്ന് ഉറപ്പ് നൽകുന്നതായും ആശമാരുടെ ന്യായമായ ആവശ്യങ്ങൾക്ക് തന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ആശമാരുടെ ആശങ്കകൾ കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിക്കും, ആവശ്യമെങ്കിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യും. കമ്മ്യൂണിറ്റി ഹെൽത്ത് കെയറിന്റെ നട്ടെല്ലായ ആശമാർക്ക് നീതി ഉറപ്പാക്കുകയെന്നത് കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്ന ആശമാരെ നേരിൽ കണ്ടതിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചു.
സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
ആശാ പ്രവർത്തകർക്കൊപ്പം ❤️
കേരള സെക്രട്ടേറിയറ്റിന് പുറത്ത് സമരം ചെയ്യുന്ന ആശാ പ്രവർത്തകരെ സന്ദർശിക്കുകയും അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് എന്റെ പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു. നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിനായുള്ള അവരുടെ നിരന്തരമായ സേവനം അംഗീകരിക്കപ്പെടണം, ന്യായമായ വേതനം, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, ദീർഘകാല സുരക്ഷ എന്നിവയ്‌ക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തിൽ ഞാൻ അവരോടൊപ്പം നിൽക്കുന്നു. അവരുടെ ശബ്ദം കേൾക്കാതെ പോകില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. അവരുടെ ആശങ്കകൾ ഞാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രിയെ അറിയിക്കുകയും ആവശ്യമെങ്കിൽ ഇക്കാര്യം നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യും.കമ്മ്യൂണിറ്റി ഹെൽത്ത് കെയറിന്റെ നട്ടെല്ലാണ് ആശാ പ്രവർത്തകർ, അവർക്ക് നീതി ഉറപ്പാക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. അവരുടെ സമരം നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്, അവർക്ക് അർഹമായ അംഗീകാരത്തിനും പിന്തുണയ്‌ക്കും വേണ്ടി കഴിവിന്റെ പരമാവധി ചെയ്യും.















