ദുബായ്: ന്യൂസിലൻഡിനെതിരായ അവസാന ഘട്ട ഗൂപ്പ് മത്‌സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന മത്‌സരത്തിൽ ബൗളിങ്ങിലും ഫീൽഡിങ്ങിലും ന്യൂസിലൻഡ് ആധിപത്യം പുലർത്തിയപ്പോൾ ഇന്ത്യക്ക് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് നേടാനേ കഴിഞ്ഞുള്ളു. ഇന്ത്യക്കായി ശ്രേയസ് അയ്യർ അർദ്ധ ശതകം നേടി. 42 റൺസിന് 5 വിക്കറ്റ് വീഴ്‌ത്തിയ മാറ്റ് ഹെൻറിയാണ് കീവിസ് ബൗളിംഗ് നിരയിൽ തിളങ്ങിയത്. നേരത്തെ, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നറുടെ തീരുമാനം ശരിവെയ്‌ക്കുന്നതായിരുന്നു കീവിസിന്റെ പ്രകടനം.
6.4 ഓവറിൽ 3 വിക്കറ്റിന് 30 എന്ന നിലയിൽ തകർന്ന ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. രോഹിത് ശർമ (17 പന്തിൽ 15), ശുഭ്‌മാൻ ഗിൽ (7 പന്തിൽ2), വിരാട് കോലി (14 പന്തിൽ 11) എന്നിവർ പെട്ടന്ന് കൂടാരം കയറി. ഗില്ലിന്റേയും കോലിയുടേയും വിക്കറ്റുകൾ ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി നേടിയപ്പോൾ കെയ്‌ൽ ജാമിൻസണാണ് രോഹിതിനെ വീഴ്‌ത്തിയത്. ശ്രേയസ് അയ്യരും (79), അക്‌സർ പട്ടേലും (42) ചേർന്ന് 98 റൺസിന്റെ നിർണായക കൂട്ടുകെട്ട് സൃഷ്ടിച്ച് ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും അക്‌സറിനെ പുറത്താക്കി കിവീസ് വീണ്ടും നിയന്ത്രണം ഏറ്റെടുത്തു. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ (45)യും ജഡേജയും(16 ) ചെറുത്ത് നിൽക്കാൻ ശ്രമിച്ചെങ്കിലും വമ്പൻ ഷോട്ടുകൾക്ക് ശ്രമിച്ച ഹാർദിക്കും പിന്നാലെ ഷമിയും പുറത്തായതോടെ ഇന്ത്യയുടെ പോരട്ടം 249 റൺസിൽ അവസാനിച്ചു.
ന്യൂസിലൻഡിനായി മാറ്റ് ഹെൻറി 5 വിക്കറ്റും കൈൽ ജാമിസൺ, വിൽ ഒ’റൂർക്ക്, ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.