ചന്ദ്രനെ തൊട്ട് നാസയുടെ പര്യവേക്ഷണ പേടകമായ ബ്ലൂ ഗോസ്റ്റ്. സ്വകാര്യ കമ്പനിയായ ഫയർഫ്ലൈയുടെ പേടകമാണിത്. നാസയുടെ സഹകരണത്തോടെ ഫയർഫ്ലൈയുടെ ചാന്ദ്രപര്യവേഷണ വാഹനം വിക്ഷേപിക്കുകയായിരുന്നു. ഇതോടെ ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്യുന്ന ആദ്യ സ്വകാര്യ സംരംഭമായി മാറിയിരിക്കുകയാണ് ഫയർഫ്ലൈ.
അമേരിക്കയിലെ ടെക്സാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഫയർഫ്ലൈ. സുരക്ഷിതമായി ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യ സ്വകാര്യ വിക്ഷേപണ പദ്ധതി കൂടിയാണ് ഇത്. മോൺസ് ലട്രില്ലേ എന്നറിയപ്പെടുന്ന ചന്ദ്രന്റെ അഗ്നിപർവത സമാനമായ രൂപമുള്ള പ്രദേശത്താണ് ലാൻഡർ ഇറങ്ങിയത്. ചന്ദ്രനിൽ ദൃശ്യമാകുന്നതിൽ ഏറ്റവും കിഴക്കുവശത്തുള്ള മേഖലയിലാണ് മെറി ക്രിസിയം എന്ന് പേരിട്ടിരിക്കുന്ന ലാൻഡർ നിലംതൊട്ടത്.
10 ഉപകരണങ്ങൾ ഉൾക്കൊള്ളുന്നതാണ് ബ്ലൂ ഗോസ്റ്റ്. ചന്ദ്ര പ്രതലത്തിൽ ജിപിഎസ് സമാനമായ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ചുള്ള പരീക്ഷണവും, ചന്ദ്രന്റെ കാന്തിക വലയം ചന്ദ്രപ്രതലത്തിലെ അന്തരീക്ഷത്തെ സ്വാധീനിക്കുന്നത് എങ്ങനെയാണെന്ന പഠനങ്ങളുമാണ് പ്രധാനമായും ദൗത്യത്തിൽ നടക്കുക.
ചന്ദ്രോപരിതലത്തിലെ അതിസങ്കീർണമായ താപ വ്യതിയാനം സംബന്ധിച്ച വിശദമായ പഠനങ്ങൾക്കും ഗോസ്റ്റിന് പദ്ധതിയുണ്ട്. നാസയുടെ വാണിജ്യ ചാന്ദ്ര പര്യവേക്ഷണ സേവന പദ്ധതിയുടെ ഭാഗമായാണ് വിക്ഷേപണം. ഇത്തരം പതിനാലോളം കമ്പനികൾ നാസയുമായി സഹകരിച്ച് വിക്ഷേപണ ദൗത്യവുമായി എത്തിയിട്ടുണ്ട്. വൻ വിജയമായി മാറിയ ബ്ലൂ ഗോസ്റ്റ് വിക്ഷേപണം ബഹിരാകാശ-ശാസ്ത്രരംഗത്തെ അടിമുടി മാറ്റിമറിക്കും എന്നാണ് വിലയിരുത്തൽ.