കോഴിക്കോട്: മകനെ മർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികളെ പരീക്ഷ എഴുതിപ്പിക്കരുതെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ. പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചത് കുടുംബത്തിന് വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും നീതിപീഠത്തിൽ പൂർണ വിശ്വാസമുണ്ടെന്നും ഇക്ബാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി പരീക്ഷ ആരംഭിക്കാനിരിക്കെയാണ് പിതാവിന്റെ പ്രതികരണം.
“ഈ തീരുമാനം മനസിന് ഒരുപാട് മുറിവേറ്റു. പ്രതികളെ ഇത്തവണ പരീക്ഷ എഴുതിപ്പിക്കാതെ മാറ്റിനിർത്തണമായിരുന്നു. അടുത്ത വർഷം അവരെ കൊണ്ട് പരീക്ഷ എഴുതിപ്പാക്കാമല്ലോ. മറ്റുള്ള കുട്ടികൾക്ക് കൂടി ഇത് പ്രചോദനമാവുകയാണ് ചെയ്യുന്നത്. എന്ത് ചെയ്ത് കഴിഞ്ഞാലും നീതിപീഠവും സർക്കാരും തങ്ങൾക്കൊപ്പമുണ്ടെന്ന തോന്നൽ കുട്ടികൾക്ക് വരും.
ഇന്ന് മാരകായുധം ഉപയോഗിച്ചു. നാളെ ഒരു സമയത്ത് കോളേജിൽ പോകുമ്പോൾ തോക്ക് ഉപയോഗിക്കില്ല എന്ന് ഉറപ്പുണ്ടോ. കൃത്യമായ നടപടി എടുത്തിരുന്നെങ്കിൽ അവർക്ക് അതൊരു പാഠമാകുമായിരുന്നു. സർക്കാർ ഉണർന്ന് പ്രവർത്തിക്കണം. പ്രതികളെ പരീക്ഷ എഴുതിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ്”.
പരമാവധി ശിക്ഷ കൊടുത്ത് പ്രതികളെ മാറ്റിനിർത്തണം. മറ്റ് ക്വട്ടേഷൻ സംഘവുനായി പ്രതിയുടെ പിതാവിന് ബന്ധമുണ്ട്. ഇതിനൊന്നും തടയിടാൻ സർക്കാരിന് കഴിയുന്നില്ല. എന്ത് ചെയ്താലും പ്രശ്നമില്ല എന്നൊരു തോന്നൽ കുട്ടികൾക്കുണ്ട്. കുറ്റം ചെയ്യുന്നവർ ശിക്ഷിക്കണം. ശിക്ഷിക്കപ്പെടുന്ന പ്രതികളുടെ പരമാവധി പ്രായം 18 വയസ് മാറ്റി 15 വയസാക്കണമെന്നും ഇക്ബാൽ പറഞ്ഞു.