ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്. രോഹിത് തടിയനാണെന്നും ഇത് ഒരു കായിക താരത്തിന് ചേർന്നതല്ലെന്നും അവർ പറഞ്ഞു. രോഹിത് ശരീരഭാരം കുറയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി ഒട്ടും ആകർഷകമല്ലെന്നും ഷമ കൂട്ടിച്ചേർത്തു. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആകർഷകമല്ലാത്ത ക്യാപ്റ്റൻ എന്നും അവർ രോഹിതിനെ അധിക്ഷേപിച്ചു.
എന്നാൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമുയർന്നതോടെ കോൺഗ്രസ് വക്താവ് എക്‌സിൽ പങ്കുവച്ച പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ ഷമയുടെ പരാമർശങ്ങൾക്കെതിരെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിമർശകർ പലപ്പോഴും രോഹിതിന്റെ ഫിറ്റ്നസിനെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിലൊരാളാണ് താരമെന്ന വസ്തുത അനിഷേധ്യമാണ്.
എന്നാൽ മറ്റൊരു പോസ്റ്റിൽ രോഹിത്തിനെ മുൻ ക്രിക്കറ്റ് ഇതിഹാസങ്ങളുമായി താരതമ്യപ്പെടുത്തിയ ഷമ ഇന്ത്യൻ ക്യാപ്റ്റന്റെ കഴിവുകളെ ചോദ്യം ചെയ്തു. “ഗാംഗുലി, സച്ചിൻ, ദ്രാവിഡ്, ധോണി, കോലി, കപിൽ ദേവ്, ശാസ്ത്രി തുടങ്ങിയ മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്റെ ലോകോത്തര നിലവാരം എന്താണ് ? അദ്ദേഹം ഒരു ശരാശരി ക്യാപ്റ്റനും ഇന്ത്യയുടെ ക്യാപ്റ്റനാകാൻ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരനുമാണ്,” ഷമ കുറിച്ചു. വിമർശനങ്ങൾ ഉയർന്നതോടെ ആദ്യഘട്ടത്തിൽ തന്റെ പരാമർശങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയ ഷമ പ്രതിഷേധം കനത്തതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.