കൊച്ചി: യൂട്യൂബ് ചാനൽ വഴി കുടുംബത്തിനെതിരെ അപവാദപ്രചരണം നടത്തുന്നുവെന്ന് നവീൻ ബാബുവിന്റെ മകൾ നിരഞ്ജന. അച്ഛന്റെ സഹോദരനെതിരെയാണ് അപവാദപ്രചരണം. കേസടക്കമുള്ള എല്ലാ കാര്യങ്ങൾക്കും വേണ്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അച്ഛന്റെ സഹോദരനാണ്. അദ്ദേഹത്തെയാണ് മോശപ്പെടുത്തുന്നത്. കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്ന കാര്യങ്ങളാണിത്. ഇല്ലാത്ത കാര്യങ്ങൾ ദയവായി പ്രചരിപ്പിക്കാതിരിക്കുക എന്നും നിരഞ്ജന പറഞ്ഞു.
കുടുംബത്തെ തളർത്താനാണ് ഓൺലൈൻ വഴി അപവാദപ്രചരണം നടത്തുന്നതെന്ന് ഭാര്യ മഞ്ജുഷയും പ്രതികരിച്ചു. പൊലീസിൽ നിന്ന് നീതി കിട്ടാത്തപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഡിവിഷൻ ബെഞ്ചിനെ സമീപിച്ചപ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നു. വാദമുഖങ്ങൾ നന്നായി അവതരിപ്പിച്ചിരുന്നതാണ്. ഹർജി തള്ളിയത് വലിയ വിഷമമായി. ഇനിയും നിയമപോരാട്ടം തുടരും. പ്രത്യേക അന്വേഷണ സംഘത്തിൽ യാതൊരു വിശ്വാസവുമില്ല. പ്രധാന പ്രതികളെയെല്ലാം പൊലീസ് സംരക്ഷിക്കുകയാണെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.
കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ അടക്കം സത്യവാങ്മൂലം നൽകിയിരുന്നു. പ്രത്യേക അന്വേഷണസംഘം കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ടെന്ന സർക്കാർ വാദം അംഗീകരിച്ച ഡിവിഷൻ ബെഞ്ച്, സിബിഐ അന്വേഷണം എതിർക്കുകയായിരുന്നു. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് നവീന്റെ സഹോദരനും അഭിഭാഷകനുമായ പ്രവീൺ ബാബു വ്യക്തമാക്കിയിട്ടുണ്ട്.















