കൊച്ചി: ആശാവർക്കർമാർക്കെതിരെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും അധിക്ഷേപകരമായ പരാമർശവുമായി സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ്. സമരം ചെയ്യുന്ന ആശമാർക്ക് കുട മാത്രമാണോ, ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ലെന്നായിരുന്നു സിഐടിയു സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ. കൊച്ചിയിൽ സിഐടിയു സംഘടിപ്പിച്ച ആശ വർക്കർമാരുടെ ബിഎസ്എൻഎൽ ഓഫീസ് മാർച്ചിലായിരുന്നു അധിക്ഷേപകരമായ പരാമർശം.
സമര നായകൻ സുരേഷ് ഗോപി എത്തുന്നുവെന്നാണ് പ്രചരിപ്പിച്ചത്. വന്നതിന് പിന്നാലെ സുരേഷ് ഗോപി എല്ലാവർക്കും കുട കൊടുത്തു. കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല. നേരത്തെ അങ്ങനെയൊരു പതിവുണ്ടായിരുന്നു. ആരോ പരാതി കൊടുത്തപ്പോൾ അതുനിർത്തി. സുരേഷ് ഗോപി കുട കൊടുക്കുന്നതിന് പകരം ഓണറേറിയം കൊടുക്കാനാണ് പാർലമെന്റിൽ സംസാരിക്കേണ്ടതെന്നും കെ.എൻ ഗോപിനാഥ് പറഞ്ഞു.
കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പെരുമഴ പെയ്യുമ്പോഴും സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശമാരെ കാണാൻ സുരേഷ് ഗോപി വീണ്ടുമെത്തിയിരുന്നു. മഴയെ പ്രതിരോധിക്കാൻ ആശമാർ ടാർപ്പോളിൻ കെട്ടിയിരുന്നെങ്കിലും പൊലീസ് ഇത് അഴിച്ചുമാറ്റി. ഇതോടെ മഴ കൊണ്ട് സമരം ചെയ്യുകയായിരുന്നു ഇവർ. ഈ സാഹചര്യത്തിലായിരുന്നു ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രി വീണ്ടുമെത്തിയത്.
ആശപ്രവർത്തകരുടെ ആശങ്കകൾ കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിക്കുമെന്നും ആവശ്യമെങ്കിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സുരേഷ് ഗോപി ഉറപ്പുനൽകി. മഴ കൊണ്ടിരിക്കുന്ന സമരക്കാർക്ക് കുട വിതരണം ചെയ്തായിരുന്നു അദ്ദേഹം മടങ്ങിയത്. ഇതിലുള്ള അതൃപ്തി അവഹേളനത്തിലൂടെ പ്രകടിപ്പിക്കുകയായിരുന്നു സിഐടിയു നേതാവ് കെഎൻ ഗോപിനാഥ്.