ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെക്കുറിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനമുന്നയിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ നടക്കുന്നതിന്റെ ഇടയിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഒരു ക്രിക്കറ്റ് കളിക്കാരന്റെ മനോവീര്യം കെടുത്തുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. വ്യക്തിപരമായ പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വ്യക്തികൾ വിട്ടു നൽകണമെന്നും അദ്ദേഹം പ്രതികരിച്ചു.
“ഇത്രയും നിർണായകമായ ഒരു ഐസിസി ടൂർണമെന്റിന്റെ മധ്യത്തിലായിരിക്കുമ്പോൾ ഉത്തരവാദിത്തമുള്ള ഒരാൾ ഇത്തരം വിലകുറഞ്ഞ പരാമർശം നടത്തുന്നത് വളരെ നിർഭാഗ്യകരമാണ്. ഇത് ഒരു വ്യക്തിയെയോ ടീമിനെയോ നിരാശപ്പെടുത്തുന്ന ഫലമുണ്ടാക്കിയേക്കാം. എല്ലാ കളിക്കാരും അവരുടെ പരമാവധി കഴിവിനനുസരിച്ച് പ്രകടനം കാഴ്ചവയ്‌ക്കുന്നുണ്ട്. അതിന്റെ ഫലങ്ങൾ ദൃശ്യമാണ്. വ്യക്തിപരമായ പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം അവഹേളനപരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വ്യക്തികൾ വിട്ടുനിൽക്കണം,” സൈകിയ പറഞ്ഞു.
ദുബായിൽ ഞായറാഴ്ച നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ 44 റൺസിന് പരാജയപ്പെടുത്തി ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. എന്നാൽ രോഹിത് ശർമ്മ 17 പന്തിൽ 15 റൺസെടുത്ത് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ഇന്ത്യൻ ക്യാപ്റ്റനെ അധിക്ഷേപിച്ചുകൊണ്ട് രംഗത്തെത്തിയത്. രോഹിത് തടിയനാണെന്നന്നും ശരീരഭാരം കുറയ്‌ക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും മികവില്ലാത്ത ക്യാപ്റ്റനാണെന്നും അവർ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. പിന്നാലെ പ്രതിഷേധം കനത്തതോടെ ഷമ പോസ്റ്റ് മുക്കി ക്ഷമാപണവുമായെത്തി. താൻ ആരെയും ബോഡി ഷെയ്മിങ് ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു കാരണവുമില്ലാതെ തന്നെ ആക്രമിക്കുകയാണെന്നുമായിരുന്നു കോൺഗ്രസ് വക്താവിന്റെ വിശദീകരണം.