തിരുവനന്തപുരം: സിപിഎം അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്നും മദ്യപിക്കരുതെന്ന് സിപിഎമ്മിന്റെ ഭരണഘടനായിൽ തന്നെ പറയുന്നുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തങ്ങളാരും ജീവിതത്തിൽ ഇന്നേ വരെ ഒരുതുള്ളി പോലും കുടിച്ചിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങളുടെ പാർട്ടിയിലെ അംഗങ്ങൾക്ക് മദ്യപിക്കാൻ പാടില്ല. മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ട്. ഞങ്ങളാരും ഇന്നുവരെ ഒരുതുള്ളി കുടിച്ചിട്ടില്ല. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാൻ പാടില്ല എന്ന ദാർശനിക കാഴ്ചപ്പാടിൽ വളർന്നുവന്നവരാണ് ഞങ്ങൾ. ആരെങ്കിലും മദ്യപിക്കുന്നതായി നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ അപ്പോൾ തന്നെ അവരെ പുറത്താക്കും’ എം വി ഗോവിന്ദൻ പറഞ്ഞു.
കൊല്ലത്ത് നടക്കാൻ പോകുന്ന സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് എം.വി. ഗോവിന്ദൻ ഇങ്ങിനെയൊക്കെ അവകാശപ്പെട്ടത്.
സംസ്ഥാനത്ത് സി.പി.എമ്മിന് അംഗബലം കൂടിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി കർശനമാക്കും. ഫാഷിസ്റ്റ് ഭരണകൂടത്തെ പ്രതിരോധിക്കാനുള്ള ഐക്യം ശക്തിപ്പെടുത്തുക എന്നതാണ് നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.















