കോഴിക്കോട്: സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാഗം ഒരുങ്ങുന്നു. തിങ്കളാഴ്ച കാന്തപുരം എ.പി അബൂബക്കർ മുസ്ലാല്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക മുശാവറ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
100 കോടി ചെലവഴിച്ച് കോഴിക്കോട് കേന്ദ്രമായാണ് സർവകലാശാല ഉയരുക. മർക്കസ് നോളജ് സിറ്റിയോട് ചേർന്നാകും ഇതെന്നാണ് സൂചന. ആദ്യപടിയായി എ. പി വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യ സർവകാശാലയ്‌ക്ക് കീഴിൽ കൊണ്ടുവരും. ഭാഷയ്‌ക്കും ചരിത്രത്തിനുമാണ് പ്രധാന്യം നൽകുക. ആദ്യഘട്ടത്തിൽ ഇതിനായി 50 കോടി രൂപ സമാഹരിക്കും. പിന്നീട് കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ച് വിപുലീകരിക്കും.
സ്വകാര്യ സർവകലാശാലയക്ക് അനുമതി നൽകുന്ന ബിൽ കഴിഞ്ഞ ദിവസമാണ് നിയമസഭയിൽ അവതരിപ്പിച്ചത്. തുടർന്ന് ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിടുകയും ചെയ്തു. അതേദിവസം തന്നെയാണ് എ.പി വിഭാഗത്തിന്റെ സർവകലാശാല തുടങ്ങാനുള്ള തീരുമാനം പുറത്ത് വന്നത്. പതിറ്റാണ്ടുകളായി ഇടതുപക്ഷവുമായി ചേർന്ന് നിൽക്കുന്ന വിഭാഗമാണ് കാന്തപുരം പക്ഷം. ഈ വിഷയവുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗവുമായി സിപിഎം മുൻകൂട്ടി ചർച്ച നടത്തിയെന്ന സംശയമാണ് ഉയരുന്നത്.
സ്വകാര്യ സർവകാലാശാലയുമായി ബന്ധപ്പെട്ട് സിപിഐ അടക്കമുള്ള ഘടകക്ഷികളുടെ എതിർപ്പിനെ തള്ളിയാണ് സിപിഎം മുന്നോട്ട് പോകുന്നത്. സ്വകാര്യ സർവകാലാശാലയിലെ വൈസ് ചാൻസലർമാർക്ക് കൂടുതൽ അധികാരങ്ങളാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഇത് സംബന്ധിച്ച് വിമർശനവും ശക്തമാണ്.
നൂറുകണക്കിന് ഏക്കർ തണ്ണീർത്തടം നികത്തിയാണ് കോഴിക്കോട് കാന്തപുരം വിഭാഗം മർക്കസ് നോളജ് സിറ്റി നിർമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ അടക്കം കേസുകൾ നിലവിലുണ്ട്. സ്ഥലം അനധികൃതമായി കയ്യേറിയതാണെന്ന ആരോപണവും ഉയർന്നിരുന്നു. മലബാർ മേഖലയിലെ ഇടതുപക്ഷത്തിന്റെ ശക്തമായ വോട്ട് ബാങ്കാണ് കാന്തപുരം വിഭാഗം. അതിനാൽ തന്നെ ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ പോലും സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.















