കൊച്ചി: റാഗിങ് വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച്. ‘കെൽസ’യുടെ പൊതുതാൽപ്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. റാഗിങ് വിഷയത്തിൽ നിരീക്ഷണ സംവിധാനമൊരുക്കുന്നതിൽ സർക്കാരടക്കം പരാജയമാണെന്ന് കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) ചൂണ്ടിക്കാട്ടിയിരുന്നു.
അടുത്തിടെ സ്കൂളുകളിലും കോളേജുകളിലും റാഗിങ് വർദ്ധിച്ച സാഹചര്യത്തിലാണ് പൊതുതാൽപ്പര്യ ഹർജിയുമായി കേരള ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിയെ സമീപിച്ചത്. റാഗിങ് തടയാൻ സംസ്ഥാന, ജില്ലാതല നിരീക്ഷക സമിതികൾ രൂപീകരിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവ സംസ്ഥാനതല നിരീക്ഷക സമിതി മുൻപാകെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം. ഹൈക്കോടതി ഇക്കാര്യം നിർബന്ധമാക്കി നിർദേശം നൽകണമെന്നും ഹർജിയിലുണ്ട്. റാഗിങ് കേസുകളിൽ സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ലെന്നും കെൽസ ആരോപിച്ചു.
മാർഗനിർദ്ദേശങ്ങളും, നിയമങ്ങളും പൊതുജനങ്ങളിൽ എത്തിക്കാൻ ബോധവൽക്കരണ ക്യാമ്പയിനുകൾ ആരംഭിക്കണം. ഇതുവഴി റാഗിങ്ങിനെ പ്രതിരോധിക്കാൻ സാമൂഹിക പങ്കാളിത്തം വളർത്തുന്നതിന് സർക്കാർ നടപടികൾ കൈക്കൊള്ളണമെന്നും കെൽസ ആവശ്യപ്പെട്ടു. തുടർന്ന് റാഗിങ് വിഷയം പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. കെൽസയുടെ ഹർജി നാളെ പ്രത്യേക ബെഞ്ച് പരിഗണിക്കും.
അതിനിടെ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികൾക്കെതിരായ അന്വേഷണം മാർച്ച് 31-നകം പൂർത്തിയാക്കാൻ ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നിർദേശിച്ചു. വിദ്യാർത്ഥികൾക്ക് പഠനാനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധാർത്ഥന്റെ അമ്മ നൽകിയ അപ്പീലിലാണ് നിർദേശം.















