ഓൺലൈൻ -ഗെയിമിംഗ് ആപ്പുകൾ പ്രൊമോട്ട് ചെയ്യുന്നതിൽ ധ്യാൻ ശ്രീനിവാസന്റെ നിലപാടിനോട് വിയോജിച്ച് നടൻ ജഗദീഷ്. തനിക്ക് സാമൂഹിക പ്രതിബദ്ധതയില്ലെന്ന നിലപാടാണ് ധ്യാൻ ശ്രീനിവാസൻ സ്വീകരിച്ചത്. സിനിമ പ്രൊമോഷനിടെയാണ് താരം ഇത്തരം ആപ്പുകളുടെ പരസ്യത്തിൽ അഭിനയിക്കുന്നതിനെക്കുറിച്ച് നിലപാട് പറഞ്ഞത്. ധ്യാൻ സ്വീകരിച്ച ഈ നിലപാടിനോടാണ് ജഗദീഷ് വിയോജിപ്പ് പ്രകടമാക്കിയത്.
ഒരു കലാകാരന് സാമൂഹിക പ്രതിബദ്ധത ഉണ്ടായിരിക്കണമെന്നാണ് ജഗദീഷിന്റെ നിലപാട്. പണമിടപാട് സ്ഥാപനങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുമ്പോൾ ഏതൊരു താരവും കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. “പരസ്യത്തിന്റെ കാര്യം വരുമ്പോൾ ഞാനേറെ ശ്രദ്ധിക്കാറുണ്ട്. ഒരു പണമിടപാട് സ്ഥാപനത്തെ ഞാൻ സാക്ഷ്യപ്പെടുത്തിയാൽ നാളെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ആൾക്കാർ എന്നെ കുറ്റപ്പെടുത്തും.
ജഗദീഷ് പറഞ്ഞിട്ടാണ് ഞങ്ങൾ അതിൽ പണമിട്ടതെന്ന് പറഞ്ഞേക്കാം. കലാകാരന് സാമൂഹിക പ്രതിബദ്ധത വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നാളെ ഇത് ധ്യാൻ ശ്രീനിവാസനെതിരെ ഒളിയമ്പുമായി ജഗദീഷ് എന്നു പറഞ്ഞ് വാർത്തയാക്കരുത്. ഇക്കാര്യത്തിൽ ധ്യാനിനോട് എനിക്ക് വിയോജിപ്പുണ്ടെന്ന് രേഖപ്പെടുത്തിക്കൊള്ളൂ. ഇത് അദ്ദേഹത്തിനെതിരായ വ്യക്തപരമായ പരാമർശമല്ല”.—ജഗദീഷ് പറഞ്ഞു.















