ന്യൂഡൽഹി: ആശാവർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാവർക്കർമാരുടെ ആശങ്ക അറിയിക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടിയാണ് കേന്ദ്രമന്ത്രി നദ്ദയെ സന്ദർശിച്ചത്. വിഷയം അദ്ദേഹത്തെ അറിയിക്കുമെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം ആശാമാർക്ക് ഉറപ്പ് നൽകിയിരുന്നു.
വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്രമന്ത്രി നദ്ദ അറിയിച്ചതായി സുരേഷ് ഗോപി പറഞ്ഞു. ആശാവർക്കർമാർക്ക് വേണ്ടി അധികമായി 120 കോടി രൂപ അനുവദിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന സർക്കാരാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സുരേഷ് ഗോപി സമരപ്പന്തലിലെത്തി ആശാവർക്കർമാരെ സന്ദർശിച്ചിരുന്നു. ആശാമാരുടെ ആവശ്യങ്ങൾ പ്രധാനമന്ത്രിയെയും ജെപി നദ്ദയെയും അറിയിക്കുമെന്ന് കേന്ദ്രമന്ത്രി വാക്ക് കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി ഇന്ന് ഡൽഹിയിലെത്തി ജെ പി നദ്ദയെ സന്ദർശിച്ചത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും മുതിർന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രനും സമരപ്പന്തലിലെത്തി ആശാമാരെ കണ്ടിരുന്നു.















