സമൂഹത്തിലുള്ള അതിക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും സിനിമകൾക്കും പങ്കുണ്ടെന്ന് നടി രഞ്ജിനി. സമകാലിക സിനിമകൾ അത് വ്യക്തമാക്കുന്നുവെന്ന് രഞ്ജിനി കുറിപ്പിൽ പറയുന്നു. അടുത്തിടെ വലിയ തോതിൽ ചർച്ചയായ വിഷയത്തിലാണ് താരത്തിന്റെ പ്രതികരണം.
മലയാള സിനിമകൾ കൊറിയൻ പാത പിന്തുടരുന്നത് എന്തിന് വേണ്ടിയാണെന്ന് രഞ്ജിനി കുറിപ്പിൽ ചോദിച്ചു. മാർക്കോ, ആവേശം, റൈഫിൾ ക്ലബ് തുടങ്ങിയ സിനിമകളെ എടുത്തുപറഞ്ഞാണ് പരാമർശം. ഇത്തരം സിനിമകൾ എന്തിനാണ് നിർമിക്കുന്നതെന്നും രഞ്ജിനി ചോദിക്കുന്നുണ്ട്.
“അനന്യവും പുരസ്കാരങ്ങൾ നേടാറുള്ളതുമായ തിരക്കഥകൾ, ഫിലിം മേക്കിംഗ്, അഭിനയം ഇവയ്ക്കൊക്കെ പേരുകേട്ടതാണ് മലയാള സിനിമകൾ. മറ്റ് ഭാഷകളിലെ സിനിമകൾ അസുയപ്പെട്ടിരുന്ന കാര്യമാണിത്. കൊറിയൻ, ജാപ്പനീസ്, തെലുങ്ക്, കന്നഡ സിനിമകളുടെ പാത പിന്തുടർന്ന് ആവേശം, മാർക്കോ, റൈഫിൽ ക്ലബ് തുടങ്ങിയ സിനിമകൾ നിർമിക്കുന്നത് എന്തിനാണ്”.
സോഷ്യൽമീഡിയ ഇൻഫ്ലുവൻസിന്റെയും സിനിമയുടെയും സ്വാധീനം കൊണ്ടും മോശം പേരന്റിംഗിനാലും ക്ഷമ നശിച്ച യുവത്വമായി മാറുന്ന കുട്ടികളുടെ അവസ്ഥ മനസിനെ മുറിപ്പെടുത്തുന്നു. സെൻസർ ബോർഡിന് എന്ത് സംഭവിച്ചുവെന്ന് അത്ഭുതം തോന്നുന്നു. അവർ ഉറക്കത്തിലാണോയെന്നും രഞ്ജിനി കുറിപ്പിൽ പറയുന്നു.















