ചാമ്പ്യൻസ്ട്രോഫിയിലെ ആദ്യ സെമി ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബൗളിംഗിനയക്കുകയായിരുന്നു. 49.3 ഓവറിൽ 264 റൺസിന് ഓസ്‌ട്രേലിയയെ ഓൾ ഔട്ട് ആക്കി ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തു.
ഓസീസിന് തുടക്കത്തിലെ ഓപ്പണര്‍ കൂപ്പര്‍ കൊണോലിയെ(0) നഷ്ടമായെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ ഓസീസ് ഭേദപ്പെട്ട സ്കോറിലെത്തി. എന്നാൽ പവർ പ്ലേ തീരുന്നതിനുമുന്പ് തന്നെ ഹെഡിനെ മടക്കി വരുൺ ചക്രവർത്തി ഇന്ത്യക്ക് മേൽക്കൈ നൽകി. മൂന്നാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിയ സ്മിത്തും ലബുഷെയ്നും ചേര്‍ന്ന് 20ാം ഓവറില്‍ ഓസീസിനെ 100 കടത്തി. 36 പന്തില്‍ 29 റണ്‍സെടുത്ത ലബുഷെയ്നിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ജഡേജ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ വന്ന ജോഷ് ഇംഗ്ളിസും പെട്ടന്ന് മടങ്ങി. എന്നാൽ അലക്സ് ക്യാരി-സ്റ്റീവ് സ്മിത്ത് സഖ്യം ഓസീസ് സ്കോർ 200 ലേക്ക് എത്തിച്ച ഘട്ടത്തിലാണ് സ്മിത്തിനെ ഷമി ക്ലീൻ ബൗൾഡാക്കിയത്. അക്സർപട്ടേലിനെ സിക്സടിച്ച് തൊട്ടടുത്തപന്തിൽ മാക്‌സ്‌വെല്ലും മടങ്ങിയതോടെ ഓസീസ് ബാറ്റിംഗ് നിര പത്തി മടക്കി.
48 റൺസിന് 3 വിക്കറ്റുകൾ വീഴ്‌ത്തിയ മുഹമ്മദ് ഷമിയാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. സ്പിന്നർമാരായ വരുൺ ചക്രവർത്തിയും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റുകൾ വീഴ്‌ത്തി. അക്‌സർ പട്ടേൽ ഒരു വിക്കറ്റ് നേടി. മറുവശത്ത് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 96 പന്തിൽ നിന്ന് 73 റൺസ് നേടി ഓസ്‌ട്രേലിയയുടെ ടോപ് സ്കോറർ ആയി. അലക്സ് കാരി (57 പന്തിൽ 61), ട്രാവിസ് ഹെഡ് (33 പന്തിൽ 39) എന്നിവരുടെ ഇന്നിഗ്‌സുകളും സ്കോർ ഉയർത്താൻ സഹായിച്ചു.