പാലക്കാട്: കാലിത്തൊഴുത്ത് അനുവദിക്കാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൈക്കൂലിയായി വാങ്ങിയത് 10,000 രൂപ. കൊടുമ്പ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാഫി ഖുറേഷിക്കെതിരെയാണ് പരാതി. 18 ഓളം പേരിൽ നിന്നാണ് ഇയാൾ പണം വാങ്ങിയത്.
പഞ്ചായത്ത് പദ്ധതി പ്രകാരം തൊഴുത്തിന് അപേക്ഷിച്ചവരിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. ജിഎസ്ടി ബിൽ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് പണം വാങ്ങിച്ചത്. പഞ്ചായത്ത് നൽകിയ പ്ലാൻ പ്രകാരം ഒന്നര ലക്ഷം രൂപ ചെലവാക്കി തൊഴുത്ത് നിർമിച്ചെങ്കിലും ഇതുവരെ പണം ലഭിച്ചില്ല. മാത്രമല്ല 10,000 നഷ്ടമാവുകയും ചെയ്തു. അപേക്ഷകർ പ്രതിഷേധവുമായി എത്തിയതോടെ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും മുൻകൈയെടുത്ത് 10 പേർക്ക് 10,000 രൂപ തിരിച്ച് നൽകി തൽക്കാലം തടിയൂരി. കൂടാതെ ‘കൈക്കൂലി’ തിരികെ ലഭിച്ചുവെന്ന് പണം നഷ്ടപ്പെട്ടവരിൽ നിന്നും എഴുതി ഒപ്പിട്ടുവാങ്ങുകയും ചെയ്തു.
പഞ്ചായത്തിൽ നടക്കുന്ന അഴിമതികൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നു. ഷാഫി ഖുറേഷിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. എന്നാൽ സിപിഎം ഭരിക്കുന്ന പഞ്ചായത്തായതിനാൽ ജനങ്ങൾ പേടിച്ച് പരാതി നൽകാൻ തയ്യാറാകുന്നില്ല. സാധാരണക്കാരെ പറ്റിച്ച് പണം തട്ടിയെടുത്ത ബ്രാഞ്ച് സെക്രട്ടറിക്കെതിരെയും പഞ്ചായത്ത് ഭരണസമിതിക്കെതിരെയും അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം.















