കോഴിക്കോട്: താമരശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ മെറ്റ കമ്പനിയോട് വിവരങ്ങൾ അന്വേഷിച്ച് പൊലീസ്. പ്രതികളായ വിദ്യാർത്ഥികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങൾ അന്വേഷിച്ചത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടത്തെ കുറിച്ചും അക്കൗണ്ടുകൾ വ്യാജമാണോ എന്നതും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെറ്റയ്‌ക്ക് ഇമെയിൽ സന്ദേശം അയച്ചു.
സെബർ സെല്ലിലെ ഉദ്യോഗസ്ഥർ ഷഹബാസിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഷഹബാസിന്റെ ഫോണിലെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അതേസമയം, പ്രതികളെ പരീക്ഷ എഴുതിപ്പിക്കരുതെന്ന പ്രതിഷേധം തുടരുന്നതിനിടെ പൊലീസ് സുരക്ഷയിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതി.
കേസിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ് പ്രതികൾ പരീക്ഷ എഴുതിയത്. ഇന്നും ജുവൈനൽ ഹോമിലേക്ക് പ്രതിഷേധ മാർച്ച് നടന്നു. കഴിഞ്ഞ ദിവസം കേസിൽ ഒരു വിദ്യാർത്ഥിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷഹബാസിനെ ആക്രമിച്ച സംഘത്തിൽ അഞ്ച് പേരെ കൂടാതെ ഒരാൾ കൂടിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ മറ്റുള്ള വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഷഹബാസിനെ കൊലപ്പെടുത്തിയ കുട്ടികളിൽ ഒരാളുടെ പിതാവിന് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു. ഇയാളെയും കേസിൽ പ്രതിചേർത്തേക്കാമെന്നാണ് വിവരം. മറ്റൊരു കുട്ടിയുടെ പിതാവ് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ്.















