ന്യൂഡൽഹി: ഡൽഹിയിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പഞ്ചാബിൽ 10 ദിവസത്തെ വിപാസന ധ്യാനത്തിൽ പങ്കെടുക്കാൻ ആംആദ്മി അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. ഇതുമുതൽ 15 വരെ ഹോഷിയാർപൂരിലെ ഒരു കേന്ദ്രത്തിലാണ് ധ്യാനം നിശ്ചയിച്ചിരിക്കുന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തോൽവി ഏറ്റുവാങ്ങി ഏകദേശം ഒരു മാസത്തിന് ശേഷമാണ് കെജ്‌രിവാളിന്റെ ഈ തീരുമാനം. അതേസമയം ധ്യാനത്തിനായി പോയ കെജ്‌രിവാളിനെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും വിമർശിച്ച് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ രംഗത്തെത്തി.
ശാരീരിക ക്ഷേമത്തിനും വിനോദത്തിനുമായി അവർ പൊതുജനങ്ങളുടെ പണം ചെലവഴിക്കുകയാണെന്ന് ബിജെപി അദ്ധ്യക്ഷൻ ആരോപിച്ചു. വിപാസനയുടെ പേരിൽ കെജ്‌രിവാൾ എല്ലാ വർഷവും ഒരാഴ്ചയോ പത്ത് ദിവസമോ ഇടവേള എടുക്കുമ്പോൾ, രാഹുൽ ഗാന്ധി രാജ്യത്തിന്റെയും സ്വന്തം കോൺഗ്രസിന്റെയും ആശങ്കകൾ അവഗണിച്ച് വർഷത്തിൽ രണ്ടുതവണ രഹസ്യ വിദേശ യാത്രകൾ നടത്തുന്നു. ധ്യാനത്തിനുപോകുന്നതിനുപകരം കെജ്‌രിവാൾ പശ്ചാത്തപിക്കുകയും ഡൽഹിയിലെ ജനങ്ങളോട് ക്ഷമ ചോദിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
കെജ്‌രിവാൾ പഞ്ചാബിലേക്ക് പോയത് വിപാസനയ്‌ക്ക് വേണ്ടിയല്ല, മറിച്ച് ദുർബലമാകുന്ന ആം ആദ്മി പാർട്ടിയെ കൈകാര്യം ചെയ്യുന്നതിനും രാജ്യസഭാ സീറ്റ് നേടിയെടുക്കുന്നതിനുള്ള തന്ത്രങ്ങൾ മെനയുന്നതിനുമാണെന്ന് ഡൽഹി ബിജെപി അദ്ധ്യക്ഷൻ ആരോപിച്ചു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 22 സീറ്റുകൾ മാത്രമാണ് ആം ആദ്മി പാർട്ടിക്ക് ലഭിച്ചത്. കെജ്‌രിവാൾ,മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ എഎപി നേതാക്കൾക്ക് സീറ്റുകൾ നഷ്ടപ്പെട്ടു. നിരവധി എഎപി എംഎൽഎമാർ തങ്ങളുടെ പക്ഷത്തേക്ക് കൂറുമാറാൻ ആലോചിക്കുന്നുണ്ടെന്ന കോൺഗ്രസിന്റെ അവകാശവാദങ്ങൾക്കിടയിലാണ് കെജ്‌രിവാളിന്റെ പഞ്ചാബ് സന്ദർശനം.