കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ രോഹിത് ശർമ്മയുടെ ടീം ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം മറ്റൊരു ഐസിസി ഫൈനലിലേക്ക് പ്രവേശിച്ചു. ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ ഓസ്ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ മോശം റെക്കോർഡ് കണക്കിലെടുക്കുമ്പോൾ, ഫൈനലിലെത്താനായതിൽ കളിക്കാർ എത്രമാത്രം ആഹ്ലാദഭരിതരാണെന്ന് തെളിയിക്കുന്നതായിരുന്നു ഡ്രസ്സിംഗ് റൂമിലെ രംഗങ്ങൾ.
ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യൻ ടീമിന്റെ വിജയത്തിനു പിന്നാലെ ഡ്രസ്സിംഗ് റൂമിൽ നടന്ന ആഘോഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഹാർദിക് പാണ്ഡ്യയുടെ സിക്‌സറുകൾ കോലി രോഹിത്തിന് രസകരമായി വിവരിക്കുന്നതും ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണവുമാണ് വീഡിയോയുടെ തുടക്കത്തിൽ. അവസാന ഓവറുകളിൽ കളി ആശങ്കയോടെ കാണുന്ന രോഹിത്തിനെയും എന്നാൽ കൂളായി താരങ്ങൾക്കൊപ്പം തമാശ പങ്കിടുന്ന കോലിയുമായിരുന്നു ആരാധകരെയും സന്തോഷിപ്പിച്ചത്. എന്നാൽ രാഹുലിന്റെ സിക്‌സിൽ ഇന്ത്യ വിജയതീരമണഞ്ഞതോടെ രോഹിത്തും കോലിയും കുൽദീപും ഹാർദിക്കും അടക്കമുള്ള താരങ്ങളെല്ലാം സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഡ്രസിങ് റൂമിലെ അന്തരീക്ഷം ആഹ്ലാദാരവങ്ങൾക്ക് വഴിമാറി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയത്തോടെ, 2023 ലെ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ടീം ഇന്ത്യ അതേ എതിരാളികളോട് പകരം വീട്ടി. 98 പന്തിൽ നിന്ന് 84 റൺസ് നേടിയ വിരാട് കോലിയാണ് കളിയിലെ താരം. ഞായറാഴ്ച നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയികളെ നേരിടും.
I LOVE THIS TEAM SO MUCH, SOO MUCH pic.twitter.com/XzajzJVBvc
— Pallavi Anand (@PallaviSAnand) March 4, 2025