ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉത്തരാഖണ്ഡ് സന്ദർശിക്കും. പൊതുപരിപാടിയിൽ പങ്കെടുത്ത് വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തുന്നത്. ഗംഗാനദിയിൽ പ്രത്യേക പൂജകൾ നടത്തുകയും പ്രാർത്ഥിക്കുകയും ചെയ്യും. ഗംഗോത്രി ക്ഷേത്രകമ്മിറ്റി പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ക്ഷേത്രപുരോഹിതന്മാർ ധരിക്കുന്ന ‘ചപ്കാൻ’ വസ്ത്രം ധരിച്ചായിരിക്കും പ്രധാനമന്ത്രി പൂജ നടത്തുക. പുലർച്ചെ നടക്കുന്ന പ്രത്യേക ഗംഗാ പൂജയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. കാശിയിലെത്തുന്ന പ്രധാനമന്ത്രിക്ക് പരമ്പരാഗത വസ്ത്രമായ ‘മിർസായി’ സമ്മാനിക്കുമെന്ന് ഗംഗോത്രി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സുരേഷ് സെംവാൾ പറഞ്ഞു.
മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും മറ്റ് ഉദ്യോസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. ഹർസാലിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുത്ത് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കാശിയിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കൂടാതെ പ്രദേശത്ത് സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.















