ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയുമ്പോൾ മനസിലേക്ക് ഓടിവരുന്ന മുഖമാണ് തെന്നിന്ത്യൻ താരസുന്ദരിയായ നയൻതാരയുടേത്. മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലേക്ക് ചേക്കേറിയ താരത്തിന്റെ വളർച്ചയ്ക്ക് സാക്ഷികൾ എന്ന നിലയിൽ ആരാധകർ നൽകിയ പദവിയാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന വിളിപ്പേര്. എന്നാൽ ഇനി മുതൽ തന്നെ അങ്ങനെ വിളിക്കരുതെന്ന് അഭ്യർത്ഥിക്കുകയാണ് നയൻതാര. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്.
ലേഡി സൂപ്പർ സ്റ്റാർ എന്നത് വിലപ്പെട്ട ഒരു പദവിയാണെന്നും എന്നാൽ നയൻതാര എന്ന പേരാണ് തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതെന്നും നയൻതാര എക്സിൽ കുറിച്ചു. “നിങ്ങളിൽ പലരും എന്നെ ലേഡി സൂപ്പർ സ്റ്റാർ എന്ന് സ്നേഹപൂർവം വിളിച്ചിട്ടുണ്ട്. നിങ്ങളുടെ തീവ്രമായ സ്നേഹത്തിൽ നിന്നും പിറന്ന ഒരു പദവിയാണിത്. ആ പദവി നൽകിയതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. പക്ഷേ, നിങ്ങൾ എല്ലാവരും എന്നെ നയൻതാര എന്ന് വിളിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു”.
“കാരണം ആ പേര് എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു. നടി എന്ന നിലയിൽ മാത്രമല്ല, വ്യക്തി എന്ന നിലയിലും ഞാൻ ആരാണെന്ന് നയൻതാര എന്ന പേര് പ്രതിനിധീകരിക്കുന്നു. സ്ഥാനപ്പേരുകളും അംഗീകാരങ്ങളും ചിലപ്പോൾ നമ്മുടെ ജോലിയിൽ നിന്നും പ്രേക്ഷകരിൽ നിന്നും നമ്മെ വേർതിരിക്കുമെന്നും” നയൻതാര പ്രസ്താവനയിൽ പറയുന്നു.















