ടെഹ്‌റാൻ: രാജ്യത്തെ സ്ത്രീകളോട് ശിരോവസ്ത്രം മാറ്റാൻ ആഹ്വനം ചെയ്ത് പാട്ടുപാടിയ പ്രമുഖ ഇറാനിയൻ പോപ്പ് ഗായകന്റെ ചാട്ടവാറടി ശിക്ഷ നടപ്പിലാക്കി അധികാരികൾ. 74 തവണ ചാട്ടവാറടിക്ക് വിധേയനായ ഗായകൻ മെഹ്ദി യരാഹി താൻ സ്വാതന്ത്ര്യത്തിനായി എന്തുവിലയും നൽകാൻ തയാറാണെന്ന് പ്രതികരിച്ചു.
2022 ലാണ് ഇറാന്റെ പൗരോഹിത്യ നേതൃത്വത്തെ പിടിച്ചുകുലുക്കിയ വിപ്ലവകരമായ സ്ത്രീ സ്വാതന്ത്ര്യ പ്രതിഷേധങ്ങൾ അരങ്ങേറിയത്. ഇതിനെ പിന്തുണച്ചുള്ള “റൂസാരിറ്റോ” (പേർഷ്യൻ ഭാഷയിൽ “നിങ്ങളുടെ ശിരോവസ്ത്രം”) എന്ന ഗാനം നിയമവിരുദ്ധമെന്ന് ആരോപിച്ച അധികൃതർ മെഹ്ദിയെ 2023 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തു. ശിക്ഷ നടപ്പാക്കിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ജയിൽ മോചിതനാവുകയായിരുന്നു. പുറത്തിറങ്ങിയ മെഹ്ദി പ്രതിഷേധം അവസാനിപ്പിച്ചില്ല. “സ്വാതന്ത്ര്യത്തിനായി ഒരു വിലയും നൽകാൻ തയ്യാറാകാത്ത വ്യക്തി സ്വാതന്ത്ര്യത്തിന് അർഹനല്ല,” എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്.
ഇസ്ലാമിക് റിപ്പബ്ലിക്കിൽ പൊതുസ്ഥലത്ത് ഹിജാബ് ധരിക്കണമെന്ന കർശന നിയമമുണ്ട്. ഇത് നീക്കം ചെയ്യാനുള്ള സ്ത്രീകളുടെ അവകാശത്തെ പിന്തുണച്ച് ശബ്ദമുയർത്തിയ മെഹ്ദിയുടെ ശിക്ഷ നടപ്പാക്കിയത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. പ്രതിഷേധ സമരത്തിനിടെ ശിരോവസ്ത്രം ധരിക്കാതെ പോസ് ചെയ്തതിന് അറസ്റ്റിലായ നടി തരാനെ അലിദൂസ്തി ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെ “പിന്നോക്കാവസ്ഥയിൽ ലജ്ജ, പീഡനത്തിൽ ലജ്ജ, അക്രമത്തിൽ ലജ്ജ, മനുഷ്യവിരുദ്ധ നിയമങ്ങളിൽ ലജ്ജ, നമ്മുടെ നിസ്സഹായതയിൽ ലജ്ജയും അപമാനവും.”
ഇറാനിലെ സ്ത്രീകൾക്ക് മെഹ്ദി യരാഹി നൽകുന്ന പിന്തുണയ്‌ക്കുള്ള പ്രതികാരമാണ് ചാട്ടവാറടിയെന്ന് സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് നർഗസ് മുഹമ്മദി, ജയിൽ ശിക്ഷയിൽ നിന്ന് താൽക്കാലികമായി മോചിതയായ ശേഷം പറഞ്ഞു. ഇറാനിലെ ശരിയത്ത് നിയമത്തിൽ ജഡ്ജിമാർ ഇടയ്‌ക്കിടെ ചാട്ടവാറടി ശിക്ഷകൾ വിധിക്കാറുണ്ട്. എന്നാൽ എല്ലായ്പ്പോഴും അത് നടപ്പിലാക്കപ്പെടാറില്ല.
ഇറാനിലെ സ്ത്രീകൾക്കുള്ള കർശനമായ വസ്ത്രധാരണ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ 22 കാരി ഇറാനിയൻ കുർദ് വനിത മഹ്‌സ അമിനി 2022 സെപ്റ്റംബർ 16 ന് കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്ന് മാസങ്ങളോളം നീണ്ടുനിന്ന പ്രതിഷേധങ്ങൾ രാജ്യത്ത് അരങ്ങേറി. ഇറാനിലെ ഇസ്ലാമിക ഭരണം അവസാനിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. യരാഹിയുടെ “സൊറോഡെ സാൻ” (സ്ത്രീകളുടെ ദേശീയഗാനം) സർവ്വകലാശാലകളിലടക്കം ഒരു പ്രതിഷേധ ഗാനമായി മാറി.















