മലപ്പുറം: എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ ഇഡി റെയ്ഡ്. നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി അറസ്റ്റിലായതിന് പിന്നാലെയാണ് ഇഡി റെയ്ഡ്.
പൊലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഇഡി പരിശോധന ആരംഭിച്ചത്. പിഎഫ്ഐ പ്രവർത്തകർക്ക് എസ്ഡിപിഐ ഫണ്ട് നൽകിയതിന്റെ തെളിവുകൾ ഇഡിക്ക് ലഭിച്ചിരുന്നു. നിലവിൽ എസ്ഡിപിഐയുടെ പ്രവർത്തനങ്ങൾ നടക്കുന്നത് പിഎഫ്ഐ ഫണ്ട് ഉപയോഗിച്ചാണെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
സാമ്പത്തിക സ്രോതസുകളിൽ ഉൾപ്പെടെ ഇരു സംഘത്തിനും പങ്കുള്ളതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിലും എസ്ഡിപിഐ ഓഫീസുകളിൽ ഇഡി പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എസ്ഡിപിഐ പ്രസിഡന്റ് ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.