ആലപ്പുഴ: എസ്എഫ്ഐക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി ജി സുധാകരന്റെ കവിത. യുവതയിലെ കുന്തവും കൊടച്ചക്രവും എന്ന പേരിൽ കലാകൗമുദിയിലാണ് കവിത പ്രസിദ്ധീകരിച്ചത് എസ്എഫ്ഐ എന്ന് നേരിട്ട് പറയാതെ പ്രതീകങ്ങളിലൂടെയാണ് പരിഹാസവും വിമർശനവും.
‘ഞാൻ നടന്നുപാസിച്ച ജനവിപ്ലവകലാസ്ഥാപനം കുറ്റക്കാരാൽ നിറയാൻ തുടങ്ങവേ’ എന്ന് പറഞ്ഞാണ് കവിത തുടങ്ങുന്നത്. എസ്ഐഐയുടെ മുദ്രാവാക്യത്തെ കുറിച്ചും കവിതയിൽ പരാമർശമുണ്ട്. മുദ്രാവാക്യം നേരാവണ്ണം വായിക്കാൻ പോലും ക്ഷമയില്ലാത്തവരാണ് എസ്എഫ്ഐക്കാർ. കാലക്കേടിന്റെ ദുർഭൂതങ്ങളെന്നും ആസുരവീരൻമാരന്നും കൊന്നു തള്ളുന്നവർ എന്നും വിശേഷണവുമുണ്ട്. കൊടി പിടിക്കാൻ വന്നവരിൽ കള്ളത്തരം കാണിക്കുന്നവരുണ്ടെന്നും പറയുന്നുണ്ട്. തന്റെ സഹോദരന്റെ രക്തസാക്ഷിത്വത്തെ കുറിച്ചും കവിതയിൽ പ്രതിപാദിക്കുന്നുണ്ട്. കല്ലെറിയുന്നവർക്ക് രക്തസാക്ഷി കുടുംബത്തിന്റെ വേദന അറിയില്ലെന്നും ഇപ്പോൾ നടക്കുന്ന പലകാര്യങ്ങളും മരിച്ചാൽ പോലും ക്ഷമിക്കാൻ കഴിയില്ലെന്നും സുധാകരൻ ഓർമിപ്പിക്കുന്നുണ്ട്.
മന്ത്രി സജി ചെറിയാന്റെ ഭരണഘടനയെ കുറിച്ചുള്ള വിവാദ പരാമർശമായ കുന്തവും കുടചക്രവുമാണ് സുധാകരൻ കവിതയ്‌ക്ക് തലക്കെട്ടായി സ്വീകരിച്ചത്. എസ്എഫ്ഐ സമ്മേളനത്തിൽ ആലപ്പുഴയിലെ ചില നേതാക്കൾ സുധാകരനെ പരോക്ഷമായി വിമർശിച്ചത് ചർച്ചയായിരുന്നു.