അതുല്യ കലാകാരനായ കലാഭവൻ മണിയുടെ ചരമദിനത്തിൽ അദ്ദേഹത്തിന്റെ നിസ്തുലമായ ഓർമ്മകൾ ഉണർത്തുനാണ് വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു.
കലാഭവൻ മണി ചെയ്ത നന്മകൾ അനുസ്മരിച്ചു കൊണ്ട് പുറത്തിറങ്ങിയ മറക്കില്ല മണി നാദം എന്ന ആൽബം സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. അരുൺദാസ് പുതിയവിള എഴുതി, നന്മേഷ് പുതിയവിള സംവിധാനം ചെയ്ത ഈ ആൽബം സമദ് സുലൈമാൻ ആണ് പാടിയത്. ചാനൽ ഷോകളിലൂടെ ശ്രദ്ധേയനായ മിമിക്രി കലാകാരൻ ജയേഷ് മുതുകുളം, അനന്യ അരുൺ തുടങ്ങിയവരാണ് ഇതിൽ അഭിനയിച്ചത്.
കലാഭവൻ മണിയോടുള്ള ഒരു അച്ഛന്റെയും, മകളുടെയും സ്നേഹത്തിന്റെ കഥ പറയുന്നതാണ് മറക്കില്ല മണിനാദം എന്ന വീഡിയോ ആൽബം. കലാഭവൻ മണിയുടെ വിവിധ പ്രോഗ്രാമുകളുടെയും ചലച്ചിത്ര രംഗങ്ങളുടെയും ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ആൽബം നിർമിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ഓർമ്മകളിൽ ജീവിക്കുന്ന ഒരു അച്ഛനും മകളും മണിയുടെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തുന്നതും ശവകുടീരത്തിൽ സ്മരണാഞ്ജലി അർപ്പിക്കുന്നതും ഉൾപ്പെടയുള്ള വൈകാരികമായ രംഗങ്ങൾ ഹൃദയാവർജ്ജകമായ സംഗീതത്തിന്റെ അകമ്പടിയോടെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.
കലാഭവൻ മണിയെ ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിക്കും കനം തൂങ്ങുന്ന മനസ്സോടെയല്ലാതെ ഈ ആൽബം കണ്ടു തീർക്കാനാവില്ല. കലാഭവൻ മണിയുടെ ജന്മദിനമായ ജനുവരി 1 നാണ് ഇത് പ്രസിദ്ധീകരിച്ചത്.















