മണിചിത്രത്താഴിലെ അല്ലിയെ മലയാളികൾ മറക്കാൻ ഇടയില്ല. നടി അശ്വിനി നമ്പ്യാരാണ് അല്ലായി പ്രേക്ഷകരുടെ മനം കവർന്നത്. ആയുഷ്കാലം, ഹിറ്റ്ലർ തുടങ്ങി നിരവധി മലയാളം–തമിഴ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ച നടി വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഒരു വെബ് സീരീസിലൂടെയാണ് നടി തിരിച്ചെത്തിയത്.
അടുത്തിടെ തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലെ നടിയുടെ വെളിപ്പെടുത്തൽ മോളിവുഡിനെ പിടിച്ച് കിലുക്കിയിരിക്കുകയാണ്. ഒരു സിനിമയിൽ അഭിനയിക്കാൻ വന്ന തന്നെ എന്തോ ചർച്ച ചെയ്യാൻ ഉണ്ടെന്നു പറഞ്ഞ് റൂമിലേക്ക് വിളിച്ചുവരുത്തി മുതിർന്ന സംവിധായകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്.
ആ സംവിധായകന്റെ ഓഫിസും വീടും ഒരുമിച്ചായിരുന്നു. മുൻപും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഈ ബന്ധം വെച്ചാണ് വിളിച്ചപ്പോൾ മുറിയിലേക്ക് പോയത്. റൂമിലെത്തിയ തന്നെ ആ സംവിധായകൻ ദുരുപയോഗം ചെയ്തു. തന്റെ അച്ഛന്റെ പ്രായമുള്ള ആൾ തന്നോട് എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള വിവരം പോലും അന്ന് ഉണ്ടായിരുന്നില്ല. പിന്നീട് അമ്മയോട് ഇത് തുറന്നു പറഞ്ഞപ്പോൾ അമ്മയ്‌ക്ക് സഹിക്കാൻ കഴിഞ്ഞില്ല. കുറ്റബോധം കാരണം അമിതമായി ഉറക്കഗുളിക കഴിച്ച ഞാൻ ആശുപത്രിയിലായി. പിന്നീട് അമ്മയാണ് അത് എന്റെ തെറ്റെല്ലെന്നും അയാളുടെ തെറ്റാണെന്നും ബോധ്യപ്പെടുത്തിയത്, നടി പറഞ്ഞു. ആദ്യമായാണ് ഇക്കാര്യം തുറന്നുപറയുന്നതെന്നും സംവിധായകന്റെ പേര് പറയാൻ താൽപ്പര്യമില്ലെന്നും നടി വ്യക്തമാക്കി.